പിങ്ക് പന്തില്‍ ആദ്യ ട്രിപ്പിള്‍ ശതകവുമായി അസ്ഹര്‍ അലി
302 റണ്‍സുമായി പുറത്താകാതെ നിന്ന പാക് താരം ഇതോടെ പകല്‍ - രാത്രി ടെസ്റ്റ് ചരിത്രത്തിലെ ആദ്യ ഇരട്ട, ട്രിപ്പിള്‍ സെഞ്ച്വറികളുടെ ഉടമ കൂടിയായി
പകലും രാത്രിയുമായുള്ള ടെസ്റ്റ് മത്സരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പരീക്ഷണ ഘട്ടത്തിലാണ്. പിങ്ക് പന്തുകൊണ്ടുള്ള പരീക്ഷണത്തിലേക്ക് മിക്ക ടെസ്റ്റ് രാജ്യങ്ങളും കാലെടുത്തുവയ്ക്കാനിരിക്കുന്നതെ ഉള്ളൂ. എന്നാല്‍ ഈ രംഗത്ത് റെക്കോഡുകളുടെ പെരുമഴയുമായി ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് അസ്ഹര്‍ അലി എന്ന പാകിസ്താന്‍ താരം. വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം പകല്‍ -രാത്രി ടെസ്റ്റിലെ ആദ്യ ശതകക്കാരനെന്ന ഖ്യാതി സ്വന്തമാക്കിയ അസ്ഹര്‍ അലി രണ്ടാം ദിനവും കരീബിയന്‍ വധം തുടര്‍ന്നു.
302 റണ്‍സുമായി പുറത്താകാതെ നിന്ന പാക് താരം ഇതോടെ പകല്‍ - രാത്രി ടെസ്റ്റ് ചരിത്രത്തിലെ ആദ്യ ഇരട്ട, ട്രിപ്പിള്‍ സെഞ്ച്വറികളുടെ ഉടമ കൂടിയായി. മിഡ് ഓഫിലൂടെ പന്ത് ബൌണ്ടറി കടത്തിയാണ് അസ്ഹര്‍ തന്‍റെ ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കടന്നത്. ഇതോടെ പാകിസ്താന്‍ തങ്ങളുടെ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ടെസ്റ്റ് ചരിത്രത്തില്‍ ട്രിപ്പില്‍ നേടുന്ന നാലാമത്തെ പാകിസ്താന്‍ താരമാണ് അസ്ഹര്‍ അലി.