ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് വാടക കൂട്ടി നല്‍കണം; കെ.എഫ്.എക്ക് ജി.സി.ഡി.എയുടെ നോട്ടീസ്
ലീഗിലെ അവസാനമത്സരത്തിനിടെ സ്റ്റേഡിയത്തിലുണ്ടായ അനിഷ്ടസംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ജിസിഡിഎ കെ.എഫ്.എക്ക് നോട്ടീസ് അയച്ചത്
കലൂര്‍ സ്റ്റേഡിയത്തിന്റെ ശേഷിയിലും കൂടുതല്‍ ആളുകളെ ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് കയറ്റുന്നതിലെ സുരക്ഷാവീഴ്ച്ചയില്‍ അതൃപ്തി രേഖപ്പെടുത്തി ജിസിഡിഎ കെഎഫ്എക്ക് നോട്ടീസയച്ചു. ഇനിയുള്ള മത്സരങ്ങള്‍ക്ക് സ്റ്റേഡിയത്തിന്‍റെ വാടക കൂട്ടിനല്‍കണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും ജിസിഡിഎ ആവശ്യപ്പെട്ടു. സുരക്ഷാവീഴ്ച്ചയില്‍ വിശദീകരണം ചോദിച്ച് നേരത്തെ ഫിഫയും കെഎഫ്എക്ക് നോട്ടീസ് അയച്ചിരുന്നു.
ലീഗിലെ അവസാനമത്സരത്തിനിടെ സ്റ്റേഡിയത്തിലുണ്ടായ അനിഷ്ടസംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ജിസിഡിഎ കെഎഫ്എക്ക് നോട്ടീസ് അയച്ചത്. 55000 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമാണ് സ്റ്റേഡിയത്തിനുള്ളത്. എന്നാല്‍ ഇതിലുമേറെ പേരെ കഴിഞ്ഞമത്സരത്തിന് കയറ്റിയിട്ടുണ്ടെന്നാണ് ജിസിഡിഎയുടെ വിലയിരുത്തല്‍. ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാനാവാതെ പോയത് ഇതിന്‍റെ തെളിവാണെന്നും ജിസിഡിഎ ചൂണ്ടികാട്ടുന്നു. ശേഷിയിലും കൂടുതല്‍ ആളുകളെ കയറ്റുന്നതിലൂടെ സ്റ്റേഡിയത്തിന്‍റെ സുരക്ഷതന്നെ അപകടത്തിലാകും. അപകടമുണ്ടായാല്‍ സ്റ്റേഡിയത്തിന്‍റെ ഉടമസ്ഥര്‍ എന്നനിലില്‍ ഉത്തരവാദിത്വം ജിസിഡിഎക്ക് ആയിരിക്കും. മാത്രവുമല്ല കഴിഞ്ഞ ഞായറാഴ്ച്ച മത്സരശേഷമുണ്ടായ അക്രമത്തില്‍ നിരവധി കസേരകള്‍ നശിപ്പിക്കപെടുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജിസിഡിഎ സ്റ്റേഡിയം വാടകയ്ക്കെടുത്തിരിക്കുന്ന കെഎഫ്എയോട് ആവശ്യപ്പെട്ടു. വലിയ വരുമാനമുണ്ടായിട്ടും സ്റ്റേഡിയത്തിന് നല്‍കുന്ന വാടക വെറും 1 ലക്ഷം രൂപമാത്രമാണ്. മറ്റ് ഐഎസ്എല്‍ സ്റ്റേഡിയങ്ങള്‍ക്ക് 7 ലക്ഷം രൂപവരെ വാടക ലഭിക്കുമ്പോള്‍ റെക്കോര്‍ഡ‍് കാണികള്‍ വരുന്ന കലൂരിലെ സ്റ്റേഡിയത്തിനുള്ള കുറഞ്ഞ വാടക അംഗീകരിക്കാനാവില്ലെന്നാണ് ജിസിഡിഎയുടെ നിലപാട്.
കഴിഞ്ഞ ഭരണസമിതിയുണ്ടാക്കിയ കരാര്‍ പുതുക്കി സെമിഫൈനല്‍ മത്സരത്തിന് 5 ലക്ഷവും ഫൈനലിന് 10 ലക്ഷവും നല്‍കണമെന്നാണ് ആവശ്യം. കഴിഞ്ഞ മത്സരത്തിലെ അക്രമസംഭവവും അനുവദനീയമായതില്‍ കൂടുതല്‍ ആളുകള കയറ്റിയതിന്‍റേയും അടിസ്ഥാനത്തിലാണ് ജിസിഡിഎ നിലപാട് കടുപ്പിച്ചത്. പ്രശ്നപരിഹാരത്തിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തീരുമാനമായില്ലെങ്കിലും നാളത്തെ മത്സരം തടയില്ലെന്നും ജിസിഡിഎ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ കെഎഫ്എ അധികൃതര്‍ തയ്യാറായില്ല. അണ്ടര്‍ 17 ലോകകപ്പിന്‍റെ വേദിയായി നിശ്ചയിച്ചിട്ടുള്ള കൊച്ചി സ്റ്റേഡിയത്തിലെ അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ഫിഫ യും കെഎഫ്എയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.