കുറച്ച് വിനയമാകാമെന്ന് ഹര്‍ഭജനോട് മുന്‍ ഇന്ത്യന്‍ താരം
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് വേട്ട നടത്തിയ ആര്‍ അശ്വിന്റെ നേട്ടത്തെ വില കുറച്ച് ഹര്‍ഭജന്‍ സിങ് നടത്തിയ മോശം പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശവുമായി മുന്‍ ഇന്ത്യന്‍ സ്‍പിന്നര്‍ മനീന്ദര്‍ സിങ്.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് വേട്ട നടത്തിയ ആര്‍ അശ്വിന്റെ നേട്ടത്തെ വില കുറച്ച് ഹര്‍ഭജന്‍ സിങ് നടത്തിയ മോശം പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശവുമായി മുന്‍ ഇന്ത്യന്‍ സ്‍പിന്നര്‍ മനീന്ദര്‍ സിങ്. സ്‍പിന്നിനെ തുണക്കുന്ന പിച്ചിലായതു കൊണ്ടാണ് അശ്വിന് വിക്കറ്റുകള്‍ കൊയ്യാനായതെന്നും സ്പിന്നിനെ പിന്തുണയ്ക്കുന്ന ഇപ്പോഴത്തെ പിച്ചുകളില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ തന്റെയും അനില്‍ കുംബ്ലെയുടെയും വിക്കറ്റ്നേട്ടം ഇതിനേക്കാള്‍ കൂടുതലാകുമെന്നും ആയിരുന്നു ഭാജിയുടെ ട്വീറ്റ്.
എന്നാല്‍ ഇതേ സാഹചര്യങ്ങളില്‍ തന്നെ ഹര്‍ഭജനും പന്തെറിഞ്ഞിട്ടുണ്ടെന്നും വിക്കറ്റുകള്‍ വീഴ്‍ത്തിയിട്ടുണ്ടെന്നും മറക്കരുതെന്ന് മനീന്ദര്‍ പറഞ്ഞു. ഹര്‍ഭജന്റെ വാക്കുകളില്‍ നിഴലിക്കുന്നത് പ്രകടമായ അസൂയയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സച്ചിനെയും കുംബ്ലെയേയും ഹര്‍ഭജന്‍ മാതൃകയാക്കണമെന്നും വിനയം പ്രകടിപ്പിക്കാന്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റില്‍ ഇരുവരും ഒരുമിച്ച് കളിച്ചിരുന്ന കാലത്തും ഹര്‍ഭജനേക്കാള്‍ വളരെ മികച്ച പ്രകടനമാണ് അശ്വിന്‍ കാഴ്ചവെച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുവരും അഞ്ച് ടെസ്റ്റ് മത്സരങ്ങളിലാണ് ഒരുമിച്ച് കളിച്ചിട്ടുള്ളത്. ഇതില്‍ നിന്നും ഹര്‍ഭജന്‍ 11 വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ അശ്വിന്‍ പിഴുതെടുത്തത് 35 വിക്കറ്റുകളാണെന്നും മനീന്ദര്‍ പറഞ്ഞു. അശ്വിന്റെ നേട്ടങ്ങളില്‍ ഹര്‍ഭജന്‍ സന്തോഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.