മെസിയുടെ വിരമിക്കല്‍ നാടകമായിരുന്നുവെന്ന് മറഡോണ

Update: 2017-06-30 03:54 GMT
മെസിയുടെ വിരമിക്കല്‍ നാടകമായിരുന്നുവെന്ന് മറഡോണ
Advertising

നൂറ്റാണ്ടിന്റെ കോപ്പ അമേരിക്ക ഫൈനലില്‍ തോറ്റതിനു പിന്നാലെ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത് വെറും വിലകുറഞ്ഞ നാടകമായിരുന്നുവെന്ന് ഡീഗോ മറഡോണ.

നൂറ്റാണ്ടിന്റെ കോപ്പ അമേരിക്ക ഫൈനലില്‍ തോറ്റതിനു പിന്നാലെ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത് വെറും വിലകുറഞ്ഞ നാടകമായിരുന്നുവെന്ന് ഡീഗോ മറഡോണ. പടിക്കല്‍ കലമുടക്കുന്ന പതിവ് കോപ്പയിലും ആവര്‍ത്തിച്ചതോടെയായിരുന്നു അപ്രതീക്ഷിതമായി മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്. വളരെ വൈകാരികമായിട്ടായിരുന്നു ആരാധകര്‍ മെസിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. എന്നാല്‍ കോപ്പയിലെ തോല്‍വിയുണ്ടാക്കിയ ദുഷ്‍പേര് പലരും മറന്നുതുടങ്ങിയതോടെ മെസി മലക്കംമറിഞ്ഞു. തിരിച്ചുവരികയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഉറുഗ്വേയ്ക്കും വെനിസ്വേലക്കെതിരെയും ബൂട്ടുക്കെട്ടാന്‍ ഒരുങ്ങുന്ന മെസിയുടെ ഈ മലക്കംമറിച്ചിലിനെയാണ് മറഡോണ വിമര്‍ശിക്കുന്നത്.

സ്വന്തം നാട്ടുകാരുടെയും ആരാധകരുടെയും വിമര്‍ശനങ്ങളില്‍ നിന്നു എളുപ്പം രക്ഷപെടാനുള്ള മാര്‍ഗമായിട്ടാണ് മെസി വിരമിക്കല്‍ നാടകം കളിച്ചതെന്ന് മറഡോണ പറയുന്നു. മൂന്നു പ്രധാന ടൂര്‍ണമെന്റുകളിലെ ഫൈനല്‍ തോല്‍വിയുടെ കളങ്കം എളുപ്പം മായ്ക്കാന്‍ മെസി തെരഞ്ഞെടുത്തതായിരുന്നു വിരമിക്കല്‍. ഇതാദ്യമായല്ല, മെസിക്കെതിരെ മറഡോണ ഒളിയമ്പ് തൊടുക്കുന്നത്. കോപ്പക്ക് തുടക്കം കുറിക്കുന്നതിനു തൊട്ടുമുമ്പ് മെസിയുടെ നേതൃത്വപാടവത്തില്‍ സംശയം പ്രകടിപ്പിച്ച് മറഡോണ രംഗത്തുവന്നിരുന്നു. മെസി വലിയവന്‍ ആയിരിക്കാം, പക്ഷേ തീരെ വ്യക്തിത്വമില്ലെന്നായിരുന്നു മറഡോണയുടെ ആക്ഷേപം. ഒരു നേതാവിനുള്ള ഗുണമൊന്നും മെസിക്കില്ലെന്നും മറഡോണ കുറ്റപ്പെടുത്തിയിരുന്നു. ഇതുവരെ അര്‍ജന്റീനക്കായി പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളൊന്നും നേടിക്കൊടുക്കാന്‍ മെസിക്ക് കഴിഞ്ഞിട്ടില്ലെന്ന എന്ന ന്യൂനത മാത്രം ചൂണ്ടിക്കാട്ടിയായിരുന്നു മറഡോണ ഇക്കാലമത്രയും ബാഴ്സലോണ താരത്തെ വേട്ടയാടിയിരുന്നത്.

Tags:    

Similar News