അന്ന് ധോണിക്ക് രണ്ട് വയസ്, ഗെയിലിന് നാലും
ഇരു ടീമുകളിലുമായി കേവലം ഏഴു താരങ്ങള്‍ മാത്രമാണ് കപിലിന്‍റെ ഇന്ത്യ ലോക ജേതാക്കളാകുന്നതിന് മുമ്പായി ജനിച്ചവരായി ഉള്ളത്.
ഒരു ലോകകപ്പില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും നോക്കൌട്ട് മത്സരത്തില്‍ അവസാനമായി മുഖാമുഖം നിരന്നത് 1983 ജൂണ്‍ 25നാണ്. കപിലിന്‍റെ ചെകുത്താന്‍മാര്‍ കരീബിയന്‍ കരുത്തിനെ മറികടന്ന് വിശ്വജേതാക്കളായി മാറിയത് അന്നാണ്. 32 വര്‍ഷങ്ങള്‍ക്കും ഒമ്പത് മാസങ്ങള്‍ക്കും ശേഷം വീണ്ടുമൊരിക്കല്‍ ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുമ്പോള്‍ ഇരു ടീമുകളിലുമായി കേവലം ഏഴു താരങ്ങള്‍ മാത്രമാണ് കപിലിന്‍റെ ഇന്ത്യ ലോക ജേതാക്കളാകുന്നതിന് മുമ്പായി ജനിച്ചവരായി ഉള്ളത്. വെസ്റ്റിന്‍ഡീസില്‍ നിന്നും നാലും ഇന്ത്യയില്‍ നിന്നും മൂന്നും പേര്‍.
ഗെയില്‍, സാമുവല്‍ ബദ്രി, സുലൈമാന്‍ ബെന്‍, മാര്‍ലോണ്‍ സാമുവല്‍സ് എന്നിവരാണ് ആ കാലഘട്ടത്തിലെ വിന്‍ഡീസ് താരങ്ങള്‍. ആശിഷ് നെഹ്റ, ധോണി, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും.
നെഹ്റയാണ് കൂട്ടത്തിലെ സീനിയര്‍. ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ കപില്‍ ദേവ് ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ നെഹ്റക്ക് പ്രായം നാല് വര്‍ഷവും ഒരു മാസവും 27 ദിവസവും. ഗെയിലിനാകട്ടെ മൂന്ന് വര്‍ഷവും ഒമ്പത് മാസവും നാല് ദിവസവും, കുഞ്ഞു ധോണിക്കാകട്ടെ അന്ന് ഒരു വയസ് കഴിഞ്ഞ് 11 മാസവും 18 ദിവസവും മാത്രമെ ആയിരുന്നുള്ളൂ. ഹര്‍ഭജന് രണ്ട് വര്‍ഷവും 11 മാസവും 22 ദിവസുമായിരുന്നു പ്രായം.
ഇന്ത്യയുടെ ഇപ്പോഴത്തെ വിജയശില്‍പ്പിയായ കൊഹ്‍ലി രാജ്യത്തിന്‍റെ ആദ്യ ലോക കിരീട നേട്ടത്തിന് അഞ്ച് വര്‍ഷത്തോളം കഴിഞ്ഞാണ് ജനിച്ചത്. ഇന്ത്യക്കായി സച്ചിന്‍ ആദ്യമായി പാഡണിഞ്ഞ് ഒരു വര്‍ഷ ശേഷമായിരുന്നു കൊഹ്‍ലിയുടെ ജനനം.