മരുന്നടിക്ക് തടയിടാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
റിയോയിലേക്കെത്തുന്ന താരങ്ങളുടെ പരിശോധനക്ക് പുറമെ കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലെ സാമ്പിളുകള്‍ പുനപരിശോധിക്കാനും ഐഒസി തീരുമാനിച്ചിട്ടുണ്ട്
താരങ്ങളുടെ മരുന്നടി തടയാന്‍ ചരിത്രത്തിലെ ഏറ്റവും കര്‍ശന പരിശോധനാ സംവിധാനങ്ങള്‍ക്കാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതി പദ്ധതിയിട്ടിരിക്കുന്നത്. റിയോയിലേക്കെത്തുന്ന താരങ്ങളുടെ പരിശോധനക്ക് പുറമെ കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലെ സാമ്പിളുകള്‍ പുനപരിശോധിക്കാനും ഐഒസി തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി മരുന്നടി കേസുകളില്‍ നേരിട്ട് വിധി പറയുന്നുവെന്നതും ഈ ഒളിമ്പിക്സിന്റെ പ്രത്യേകതയാണ്.
സോചി ഒളിമ്പിക്സില്‍ റഷ്യന്‍ താരങ്ങള്‍ കൂട്ടത്തോടെ മരുന്നടിക്ക് പിടിക്കപ്പെട്ടതാണ് പരിശോധന നടപടികള്‍ക്ക് പുതിയ രൂപം നല്‍കാന്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രേരിപ്പിച്ചിരിക്കുന്നത്. റിയോയിലെത്തുന്ന താരങ്ങളെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമായിരിക്കും മത്സരിക്കാന്‍ അനുമതി നല്‍കുക. ഇതിനായി വിപുലമായ പരിശോധനാ ക്യാമ്പുകളാണ് റിയോയില്‍ തയ്യാറാക്കിയിരിക്കുന്നത്. 4500 യൂറിന്‍ ടെസ്റ്റുകളും ആയിരം രക്ത പരിശോധനകളും നടത്തും. പ്രീ ടെസ്റ്റിംഗ് പ്രോഗ്രാമില്‍ സംശയകരമായി കണ്ടെത്തിയ 2200 താരങ്ങളെ വീണ്ടും ടെസ്റ്റിന് വിധേയമാക്കും. 700 മത്സരാര്‍ത്ഥികളെ കൂടി നിരീക്ഷിക്കാന്‍ നിര്‍ദേശമുണ്ട്. ഇതിന് പുറമെ ബീജിങിലെയും ലണ്ടനിലും താരങ്ങള്‍ ഹാജരാക്കിയ സാമ്പിളുകള്‍ പുനപരിശോധിക്കാന്‍ കൂടി ഐഒസിക്ക് നീക്കമുണ്ട്. ഇതുവരെ 1200 സാമ്പിളുകള്‍ ഈ രീതിയില്‍ പുനപരിശോധിച്ചു. 98 എണ്ണം പോസിറ്റീവാണെന്ന് തെളിഞ്ഞു. ഒളിമ്പിക്സുകളുടെ ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി നേരിട്ട് മരുന്നടി കേസുകള്‍ പരിഗണിക്കുമെന്നതും റിയോ ഒളിമ്പിക്സിന്റെ പ്രത്യേകതയാണ്. ഇതിനായി കോടതിയുടെ രണ്ട് താല്‍ക്കാലിക ഓഫീസുകള്‍ ഉടന്‍ റിയോയില്‍ തുറക്കും. ഇതിന് മുമ്പ് 1996ലെ അറ്റ്‍ലാന്റ ഒളിമ്പിക്സിലാണ് കായിക തര്‍ക്ക പരിഹാര കോടതി ഒളിമ്പിക് വില്ലേജില്‍ ഓഫീസ് തുറന്നിരുന്നത്.