ധോണിക്ക് പകരം കൊഹ്‍ലി നായകനാകേണ്ട സമയമായെന്ന് ശാസ്ത്രി
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന നിലയില്‍ ധോണിയുടെ സേവനം ടീം ഇന്ത്യക്ക് ഇനിയും ആവശ്യമാണെന്നും ഇന്ത്യ ടുഡെ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍
ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 നായകസ്ഥാനത്തേക്ക് വിരാട് കൊഹ്‍ലിയെ നിയോഗിക്കാനുള്ള സമയമായെന്ന് ടീം ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ രവി ശാസ്ത്രി. നായക സ്ഥാനത്തു നിന്നും ധോണിയെ മാറ്റുക എന്നത് അത്ര എളുപ്പമുള്ള തീരുമാനമായിരിക്കുകയില്ലെന്നും എങ്കിലും ഇന്ത്യന്‍ ടീമിന്‍റെ ഭാവി കണക്കിലെടുക്കുമ്പോള്‍ ഉചിതമായ സമയം ഇതുതന്നെയാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന നിലയില്‍ ധോണിയുടെ സേവനം ടീം ഇന്ത്യക്ക് ഇനിയും ആവശ്യമാണെന്നും ഇന്ത്യ ടുഡെ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു. അടുത്ത 18 മാസത്തേക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യക്ക് മുമ്പാകെ ഒരു ഏകദിന മത്സരം പോലുമില്ല. ടെസ്റ്റുകളും ഏകദിനങ്ങളും തമ്മിലുള്ള അന്തരം ഇത്തവണ വളരെ വലുതാണ്. അതുകൊണ്ടു തന്നെ നാളെക്കുറിച്ച് ചിന്തിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറത്ത് ഇന്ത്യന്‍ ടീം ഏതു രീതിയിലാകണമെന്നതിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് സമയമായി. സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഞാനായിരുന്നെങ്കില്‍ ആ രീതിയിലാണ് ചിന്തിക്കുക. ക്രിക്കറ്റിന്‍റെ എല്ലാ മേഖലകളിലും ഇന്ത്യയെ നയിക്കാന്‍ വിരാട് സജ്ജനായി കഴിഞ്ഞു. അതൊരു കടുത്ത തീരുമാനമാിയിരിക്കാം. പക്ഷേ ഭാവി പരിഗണിച്ചൊരു തീരുമാനത്തിനുള്ള സമയമായി കഴിഞ്ഞു. ക്രിക്കറ്റ് എന്ന കളി മുന്നോട്ടു പോകേണ്ടതുണ്ട്. കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. പക്ഷേ അതാണ് ജീവിതം. അതില്‍ നിരാശപ്പെട്ടിട്ടോ മടിച്ചിട്ടോ കാര്യമില്ല. നാളെ പരിഗണിക്കുമ്പോഴും ധോണിയാണ് മികച്ച നായകനാണെന്ന വിലയിരുത്തലാണ് നിങ്ങളുള്ളതെങ്കില്‍ അദ്ദേഹത്തെ തുടരാനനുവദിക്കുക. പക്ഷേ ഇവിടെ നായക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായി ഒരാള്‍ ഒരുങ്ങി കഴിഞ്ഞു. പിന്നെ അയാളെ നായകനാക്കുകയാകും ശരിയായ തീരുമാനം.