എലിമിനേറ്ററില്‍ ഹൈദരാബാദ് പുറത്ത്: കൊല്‍ക്കത്തയുടെ വിജയം ഏഴ് വിക്കറ്റിന്
മഴമൂലം കൊല്‍ക്കത്തയുടെ വിജയലക്ഷ്യം ആറ് ഓവറില്‍ 48 ആയി പുനര്‍നിശ്ചയിച്ചിരുന്നു
ഐ.പി.എല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പുറത്ത്. ഏഴ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. മഴമൂലം കൊല്‍ക്കത്തയുടെ വിജയലക്ഷ്യം ആറ് ഓവറില്‍ 48 ആയി പുനര്‍നിശ്ചയിച്ചിരുന്നു. 12 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും നായകന്‍ ഗൗതം ഗംഭീറിന്റെ മികവില്‍ (19 പന്തില്‍ 32) കൊല്‍ക്കത്ത 5.2 ഓവറില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ കൊല്‍ക്കത്ത ക്വാളിഫയറിലേക്ക് കടന്നു.
വെളളിയാഴ്ച നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് കൊല്‍ക്കത്തയുടെ എതിരാളി. ഇതില്‍ ജയിക്കുന്നവരാണ് ഫൈനലില്‍ പൂനെയുമായി ഏറ്റുമുട്ടുക.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 128 റണ്‍സെടുത്തത്. ഹൈദരാബാദ് നിരയില്‍ കാര്യമായി ആര്‍ക്കും തിളങ്ങാനായില്ല. 37 റണ്‍സെടുത്ത നായകന്‍ ഡേവിഡ് വാര്‍ണറാണ് ടോപ് സ്‌കോറര്‍. ധവാന്‍(11) കെയിന്‍ വില്യംസണ്‍(24) യുവരാജ് സിങ്(9) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. മൂന്നു വിക്കറ്റ് വീഴ്ത്തിയ നഥാന്‍ കോള്‍ട്ടര്‍ നെയിലാണ് ഹൈദരാബാദിനെ തകര്‍ത്തത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.