എല്‍ ക്ലാസികോ പോരാട്ടം ഇന്ന്

Update: 2017-11-22 20:43 GMT
Editor : admin
എല്‍ ക്ലാസികോ പോരാട്ടം ഇന്ന്
Advertising

നൌക്യാമ്പില്‍ ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ് മത്സരം

ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന എല്‍ ക്ലാസികോ പോരാട്ടം ഇന്ന്. ബാഴ്സയുടെ തട്ടകമായ നൌക്യാമ്പില്‍ ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ് മത്സരം. കഴിഞ്ഞ നവംബറില്‍ ലാലിഗയില്‍ നടന്ന എല്‍ക്ലാസികോയില്‍ ബാഴ്സ റയലിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

ഈ സീസണിലെ രണ്ടാം എല്‍ക്ലാസികോ മത്സരമാണ് ഇന്ന് ബാഴ്സയുടെ തട്ടകമായ നൌക്യാമ്പില്‍ അരങ്ങേറുന്നത്. കഴിഞ്ഞ നവംബറില്‍ ബാഴ്സയോടേറ്റ തോല്‍വിയുടെ ആഘാതം റയല്‍ താരങ്ങളുടെയും ആരാധകരുടെയും മനസ്സില്‍ നിന്ന് ഇതുവരെ മാഞ്ഞിട്ടുണ്ടാകില്ല. എതിരാളിയുടെ തട്ടകത്തില്‍ വീണ്ടുമൊരു എല്‍ക്ലാസികോയ്ക്കൊരുങ്ങുമ്പോള്‍ റയലിന് മുന്നില്‍ നിരവധി വെല്ലുവിളികളുണ്ട്. അത്ലറ്റികോ മാ‍ഡ്രിഡിനോടേറ്റ തോല്‍വിക്ക് പിന്നാലെ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ വിജയിക്കാനായെങ്കിലും ടീം സ്പിരിറ്റില്ലാത്തത് പലപ്പോഴും തിരിച്ചടിയാകുന്നു. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയെക്കാള്‍ പത്ത് പോയിന്റിന്റെ വ്യത്യാസമുള്ള ലോസ് ബ്ലാങ്കോസ് പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. സിനദി സിദാന്‍ മാനേജരായി ചുമതലയേറ്റ ശേഷമുള്ള ആദ്യ എല്‍ ക്ലാസികോയാണിതെന്ന പ്രത്യേകതയുമുണ്ട്.

ബാഴ്സയുടെ എംഎസ്എന്‍ ത്രയവും റയലിന്റെ ബിബിസി കൂട്ടുകെട്ടും തമ്മിലുള്ള പോരാട്ടം കൂടിയായാണ് ഇന്നത്തെ മത്സരം വിലയിരുത്തപ്പെടുന്നത്. ലീഗില്‍ ഗോള്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിന്റെ കരുത്ത്. എന്നാല്‍ എവേ മത്സരങ്ങളില്‍ റോണോക്ക് വേണ്ടത്ര തിളങ്ങാനാകുന്നില്ല. മറുവശത്ത് മെസ്സിയും സുവാരസും നെയ്മറുമടങ്ങുന്ന എന്‍‌റിക്വെയുടെ ടീം അപാര ഫോമിലാണ്. കരിയറിലെ അഞ്ചൂറാം ഗോളെന്ന നാഴികക്കല്ല് ചിരവൈരികള്‍ക്കെതിരെ തന്നെ നേടാനാകുമെന്ന പ്രതീക്ഷയിലാണ് മെസ്സി. തോല്‍വിയറിയാതെ 39 മത്സരങ്ങള്‍ പിന്നിട്ട ബാഴ്സലോണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News