ധര്‍മ്മശാല ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു
രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെന്ന നിലയിലാണ്...
ധര്‍മശാല ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. നാല് വിക്കറ്റുകള്‍ ശേഷിക്കെ ഓസിസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനെക്കാള്‍ 52 റണ്‍സ് പിന്നിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജയും വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍.
രണ്ടാം ദിനം , അര്‍ധ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലും ചേതേശ്വര്‍ പൂജാരയും ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് ഇന്ത്യക്ക് തിരിച്ചടിയായി. അജിങ്ക്യ രഹാനെ 46 റണ്‍സ് പുറത്തായി. ഓസിസിനായി നഥാന്‍ ലിയോണ്‍ നാല് വിക്കറ്റ് നേടിയിരുന്നു.
രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ വൃദ്ധിമാന്‍ സാഹ(10) രവീന്ദ്ര ജഡേജ(16) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ ലോകേഷ് രാഹുല്‍(60) ചേതേശ്വര്‍ പുജാര(57) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. ഓസീസ് ബൌളര്‍മ്മാരില്‍ നാല് വിക്കറ്റുമായി സ്പിന്നര്‍ നഥാന്‍ ലയോണ്‍ തിളങ്ങി.
മുരളി വിജയിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഹേസില്‍വുഡിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ പുജാരയും രാഹുലും ഇന്ത്യയെ കരകയറ്റി. 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ രാഹുലിനെ കുമ്മിണ്‍സണ്‍ പുറത്താക്കിയതോടെ കംഗാരുക്കള്‍ കളിയിലേക്ക് തിരിച്ചുവന്നു. പുജാരയും രഹാനെയും കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെ ലയോണ്‍ വില്ലനായി. പുജാരയെയും തൊട്ടുപിറകെ വന്ന കരുണ്‍ നായരെയുമാണ് ലയോണ്‍ മടക്കിയത്. 167ന് നാല് എന്ന നിലയില്‍ പതറിയ ഇന്ത്യയെ രഹാനെയും അശ്വിനും ചേര്‍ന്ന് 200 കടത്തി.
എന്നാല്‍ ഇരുവരും ലയോണിന് മുന്നില്‍ വീണു. എന്നാല്‍ സാഹയും ജഡേജയും കൂടുതല്‍ പരിക്കുകളില്ലാതെ രണ്ടാം ദിനം അവസാനിപ്പിക്കുകയായിരുന്നു. നേരത്തെ ആദ്യദിനം തന്നെ ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 300ന് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ആസ്ട്രേലിയയെ 300ലൊതുക്കിയത്.