പുനെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി
ഇന്ത്യയെ 333 റണ്‍സിന് പരാജയപ്പെടുത്തി ഓസീസ് പരമ്പരക്ക് വിജയത്തോടെ തുടക്കം കുറിച്ചു.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കായുള്ള ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 333 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. രണ്ടാം ഇന്നിംഗ്സിലും 6 വിക്കറ്റ് പ്രകടനം ആവര്‍ത്തിച്ച സ്പിന്നര്‍ സ്റ്റീവ് ഒക്കീഫ്ന് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 19 ടെസ്റ്റുകളിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിനും ഇതോടെ വിരാമമായി.
പൂനെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മൂന്നാം ദിനം ചായക്ക് ശേഷം 33. 5 ഓവറില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു. 11 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഓസ്ട്രേലിയയുടെ ആദ്യ ജയം.
കരിയറിലെ അഞ്ചാമത്തെ മാത്രം ടെസ്റ്റ് മത്സരം കളിക്കുന്ന സ്റ്റീഫ് ഒക്കീഫ് എന്ന ഇടങ്കയ്യന്‍ സ്പിന്നറുടെ മാസ്മരിക പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. ആദ്യ ഇന്നിങ്സില്‍ 6 വിക്കറ്റ് വീഴ്ത്തിയ ഒക്കീഫ് രണ്ടാം ഇന്നിംഗ്സിലും പ്രകടനം ആവര്‍ത്തിച്ചു. 4 വിക്കറ്റ് നേടിയ നഥാണ്‍ ലിയോണും ഇന്ത്യന്‍ പതനത്തിന് ആക്കം കൂട്ടി.
31 റണ്‍ നേടിയ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍, ക്യാപ്ടന്‍ വിരാട് കോഹ്‍ലി 13 നും രഹാനെ 18നും പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ 105 റണ്‍സിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 107 ന് ഒതുങ്ങി. സ്റ്റീവ് ഒക്കീഫാണ് മാന്‍ ഓഫ് ദ മാച്ച്
നേരത്തെ 143 ന് 4 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയ ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്ത് നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യക്ക് 441 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യം ഒരുക്കിയത്. പരന്പരിയിലെ അടുത്ത മത്സരം 4 ന് ബംഗളൂരുവില്‍ നടക്കും.