ഗെയിലിന്റെ ദുഃഖത്തോടെയുള്ള ആഹ്ലാദപ്രകടനം!
ദക്ഷിണാഫ്രിക്കയുടെ മില്ലറെ പുറത്താക്കിയപ്പോഴായിരുന്നു ഗെയില്‍ ദുഃഖിതനായി ആഹ്ലാദപ്രകടനം നടത്തിയത്...
ക്രിക്കറ്റ് മൈതാനത്തെ വിചിത്ര ആഘോഷങ്ങള്‍ക്ക് പേരുകേട്ട വിന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ പുതിയ പ്രകടനം നടന്നത് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍. ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ മില്ലറെ ഒമ്പതാം ഓവറില്‍ പുറത്താക്കിയതിന് ശേഷമായിരുന്നു ഗെയില്‍ ദുഃഖിതനായി ആഹ്ലാദപ്രകടനം നടത്തിയത്.
മൂന്ന് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് വിലപ്പെട്ട രണ്ട് വിക്കറ്റുകളാണ് ഗെയില്‍ നേടിയത്. അപകടകാരികളായ റൊസോവിനേയും(0) മില്ലറേയും(1) ആയിരുന്നു ഗെയില്‍ പുറത്താക്കിയത്. മൂന്നാം ഓവറിലെ അവസാന പന്തിലായിരുന്നു റൊസോവിനെ ഗെയില്‍ റസലിന്റെ കൈകളിലെത്തിച്ചത്. അപ്പോള്‍ നൃത്തച്ചുവടുകളോടെ സ്വാഭാവിക ആഹഌദപ്രകടനമാണ് ഗെയില്‍ നടത്തിയത്.
ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ മില്ലറിന്റെ വിക്കറ്റ് തെറിപ്പിച്ച് ഗെയില്‍ വീണ്ടും കൊടുങ്കാറ്റായി. ദക്ഷിണാഫ്രിക്കയുടെ അഞ്ചാംവിക്കറ്റ് വീഴ്ത്തിയ സന്തോഷത്തില്‍ വിന്‍ഡീസ് താരങ്ങള്‍ ഗെയിലിനെ ആരവത്തോടെ പൊതിഞ്ഞു. അപ്പോഴും യാതൊരു വികാരവുമില്ലാതെ കല്ലിച്ച മുഖത്തോടെ താടിക്ക് കൈകൊടുത്തായിരുന്നു ഗെയില്‍ നിന്നത്. സന്തോഷത്തിന്റെ ചെറുഭാവം പോലുമില്ലാതെ ആഹ്ലാദപ്രകടനം നടത്തിയാണ് ഗെയില്‍ ഇത്തവണ വ്യത്യസ്ഥമായത്.
തുടക്കം മുതല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ 122 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഡികോക്കും(47) ഡേവിഡ് വൈസും(28) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. വിന്‍ഡീസിനുവേണ്ടി റസലും ഗെയിലും ബ്രാവോയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.