ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പര സംശയത്തില്‍
ലോധ കമ്മിറ്റി തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ മിക്ക സംസ്ഥാന അസോസിയേഷനുകളിലെയും ഭാരവാഹികള്‍ മാറേണ്ടി വരും.
ബിസിസിഐ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും സുപ്രീംകോടതി പുറത്താക്കിയതോടെ ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന, ട്വന്‍റി20 പരമ്പരയുടെ കാര്യം വീണ്ടും സംശയത്തിലായി. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും നിര്‍ബന്ധിതരായതോടെ മിക്ക സംസ്ഥാന ഭരണസമിതികളിലെയും നിലവിലുള്ള പലര്‍ക്കും തുടരാനാകില്ല, പ്രാദേശിക ബോര്‍ഡുകളാണ് മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടത്. ഭരണതലത്തില്‍ തന്നെ മാറ്റങ്ങള്‍ വരുന്ന സ്ഥിതിക്ക് സംഘാടനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിസന്ധിയിലാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. മത്സരം നടത്താനുള്ള ധനം അനുവദിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയാല്‍ അന്തര്‍ദേശീയ മത്സരങ്ങള്‍ റദ്ദാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന നിലപാടാണ് ബിസിസിഐ സുപ്രീംകോടതിയില്‍ സ്വീകരിച്ചിരുന്നത്. ക്രിക്കറ്റ് ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉലച്ചിലുണ്ടാക്കാന്‍ ഈ അവസ്ഥ കാരണമാകുമെന്നായിരുന്നു ബിസിസിഐയുടെ വാദം. സുപ്രീംകോടതിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പണം ബന്ധപ്പെട്ട സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐ കൈമാറിയത്. സംസ്ഥാന അസോസിയേഷനുകളുമായുള്ള ധന ഇടപാടുകള്‍ സുപ്രീംകോടതി മരവിപ്പിച്ചതിനെ തുടര്‍ന്ന് ബിസിസിഐ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു കോടതി ഇടപെടല്‍.
ബിസിസിഐ നയിക്കാന്‍ പ്രസിഡന്‍റോ സെക്രട്ടറിയോ ഇല്ലാത്തത് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് ലോധ കമ്മിറ്റിയുടെ നിലപാട്. ബിസിസിഐ സിഇഒയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനുമെന്നും കമ്മിറ്റി കണക്കുകൂട്ടുന്നു.