എനര്‍ജി ഡ്രിങ്ക് താന്‍ നിഷേധിച്ചുവെന്ന ഫെഡറേഷന്റെ വാദം അടിസ്ഥാനരഹിതമെന്ന് ഒ പി ജയ്ഷ

Update: 2018-03-13 11:34 GMT
എനര്‍ജി ഡ്രിങ്ക് താന്‍ നിഷേധിച്ചുവെന്ന ഫെഡറേഷന്റെ വാദം അടിസ്ഥാനരഹിതമെന്ന് ഒ പി ജയ്ഷ
Advertising

എഎഫ്ഐയുടെ വിശദീകരണത്തില്‍ അന്വേഷണം വേണമെന്നും ജെയ്ഷയുടെ ആവശ്യം

ഒളിംപിക്സ് മാരത്തണ്‍ മത്സരത്തിനിടെ ഇന്ത്യന്‍ അത്‍ലറ്റിക് ഫെഡറേഷന്റെ സഹായം ലഭിച്ചില്ലെന്ന പരാതി ആവര്‍ത്തിച്ച് മലയാളി താരം ഒ പി ജയ്ഷ. ഫെഡറേഷന്‍ നല്‍കിയ എനര്‍ജി ഡ്രിങ്ക് താന്‍ നിഷേധിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തനിക്കെതിരെ ഫെഡറേഷന്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒളിംപിക് മാരത്തണില്‍ പങ്കെടുത്തപ്പോള്‍ വെള്ളം കിട്ടാതെയാണ് കുഴഞ്ഞുവീണതെന്ന മലയാളി അത്‍ലറ്റിക് ഒ പി ജെയ്ഷയുടെ പരാതി വിവാദമായതോടെയാണ് അത്‍ലറ്റിക് ഫെഡറേഷന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ജെയ്ഷയും പരിശീലകനും തങ്ങള്‍ നല്‍കിയ എനര്‍ജി ഡ്രിങ്കുകള്‍ വേണ്ടെന്നു വെച്ചെന്നാണ് ഫെഡറേഷന്റെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ഇത്ര വലിയൊരു കള്ളം പറയേണ്ട ആവശ്യമില്ലെന്ന് ജെയ്ഷ പറഞ്ഞു. ഇക്കാര്യം തെളിയിക്കാന്‍ തനിക്ക് കഴിയുമെന്നും ജെയ്ഷ പറയുന്നു.

42 കിലോമീറ്റര്‍ ഓട്ടത്തിനിടെ ഓരോ രണ്ടര കിലോമീറ്റര്‍ പൂര്‍ത്തിയാകുമ്പോഴും ഓരോ രാജ്യങ്ങളും തങ്ങളുടെ മത്സരാര്‍ത്ഥികള്‍ക്കായി വെള്ളവും ഗ്ലൂക്കോസും എനര്‍ജി ഡ്രിങ്കുമെല്ലാം തയ്യാറാക്കി വെച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ ഡെസ്‌ക്കുകളില്‍ രാജ്യത്തിന്റെ പേരും ദേശീയ പതാകയുമല്ലാതെ ഒരു തുള്ളി വെള്ളം പോലുമുണ്ടായിരുന്നില്ലെന്നുമാണ് ജെയ്ഷ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ഓരോ എട്ട് കിലോമീറ്ററിലും മാത്രമാണ് ഒളിംപിക് സംഘാടക സമിതിയുടെ കുടിവെള്ള കൗണ്ടറുകള്‍ ഉണ്ടായിരുന്നത്. ഫിനിഷിങ് പോയിന്റില്‍ തളര്‍ന്നു വീണപ്പോള്‍ അവിടെ ഇന്ത്യന്‍ ഡോക്ടറോ മെഡിക്കല്‍ സംഘമോ ഉണ്ടായിരുന്നില്ലെന്നും ജെയ്ഷ പറഞ്ഞു.

Tags:    

Similar News