ദിപയെ സ്റ്റാര്‍ സ്പോര്‍ട്സ് തഴഞ്ഞതെന്തിന്?
ഇന്ത്യ കാത്തിരുന്ന ദിപയുടെ പ്രകടനം കാണിക്കാത്ത സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ പ്രതിഷേധം ഉയരുന്നു. ചരിത്രത്തിലാദ്യമായി ഒളിംപിക്‌സിലെ ജിംനാസ്റ്റിക്‌സിന് യോഗ്യത നേടിയ ദിപയുടെ പ്രകടനം തത്സമയം കാണാനിരുന്നവരെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് അക്ഷരാര്‍ഥത്തില്‍ നിരാശരാക്കുകയായിരുന്നു...
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ആവേശത്തോടെ കാത്തിരുന്ന ഒളിംപിക്‌സ് മത്സരങ്ങളിലൊന്നായിരുന്നു ദിപ കര്‍മാക്കറിന്‍റെ ജിംനാസ്റ്റിക്‌സ്. ചരിത്രത്തിലാദ്യമായി ഒളിംപിക്‌സിലെ ജിംനാസ്റ്റിക്‌സിന് യോഗ്യത നേടിയ ദിപയുടെ പ്രകടനം തത്സമയം കാണാനിരുന്നവരെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നിരാശരാക്കി കളഞ്ഞു. എങ്കിലും ദിപ ആരാധകരെ നിരാശപ്പെടുത്താതെ ഫൈനലിലേക്കെത്തിയിട്ടുണ്ട്.
ദിപ കര്‍മാക്കര്‍ വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനം നേടിയാണ് ഫൈനലിന് യോഗ്യത നേടി ചരിത്രം സൃഷ്ടിച്ചത്. എന്നാല്‍ ഇത് തല്‍സമയം കാണാനായി ടിവിക്കു മുന്നിലിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. ദിപയുടെ പേര് പ്രഖ്യാപിച്ചെങ്കിലും കാണിച്ചത് മറ്റൊരു താരത്തിന്‍റെ പ്രകടനമായിരുന്നു. വൈകാതെ ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അമിതാഭ് ബച്ചനും ഹര്‍ഷ് ബോഗ്ലെയും അടക്കമുള്ളവര്‍ ദിപയുടെ പ്രകടനം തല്‍സമയം കാണാനാകാത്തതിന്റെ നിരാശ മറച്ചുവെച്ചില്ല.
ആഗസ്ത് 14നാണ് ദിപയുടെ വോള്‍ട്ട് ഇനത്തിന്റെ ഫൈനല്‍. അന്നെങ്കിലും തല്‍സമയം കാഴ്ചകള്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ കായികപ്രേമികള്‍.