അസ്‍ഹറുദ്ദീന്‍ കോളര്‍ ഉയര്‍ത്തിവെച്ച് കളിച്ചിരുന്നതിനു പിന്നിലെ രഹസ്യം ഇതാണ്...
ഇന്ത്യ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ക്രിക്കറ്റ് താരമായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍. ഒത്തുകളി ആരോപണത്തില്‍ ക്രൂശിക്കപ്പെടുകയും പിന്നീട് കുറ്റമുക്തനാകുകയും ചെയ്ത ഇന്ത്യന്‍ ക്രിക്കറ്ററാണ് അസര്‍.
ഇന്ത്യ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ക്രിക്കറ്റ് താരമായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍. ഒത്തുകളി ആരോപണത്തില്‍ ക്രൂശിക്കപ്പെടുകയും പിന്നീട് കുറ്റമുക്തനാകുകയും ചെയ്ത ഇന്ത്യന്‍ ക്രിക്കറ്ററാണ് അസര്‍. സത്യത്തില്‍ അസര്‍ ഒത്തുകളിച്ചിട്ടുണ്ടോ? അതോ ഈ ഹൈദരാബാദി താരം ഒത്തുകളിക്കാരുടെ ബലിയാടാവുകയായിരുന്നോ? ഇന്നും ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല.
നിഗൂഢതകള്‍ നിറഞ്ഞ താരമായിരുന്നു അസര്‍. ഫീല്‍ഡിലും പുറത്തും വിവാദങ്ങളുടെ കൂടപ്പിറപ്പായിരുന്നു ഇദ്ദേഹം. ഒരു ഇടത്തരം ഹൈദരാബാദി കുടുംബത്തില്‍ ജനിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന്റെ കപ്പിത്താനായി വളര്‍ത്ത അസര്‍, കരിയറിലെ ആദ്യ മൂന്നു ടെസ്റ്റിലും സെഞ്ച്വറി അടിച്ചാണ് തന്റെ വരവറിയിച്ചത്. ഉദാസീനമെന്ന് തോന്നുമെങ്കിലും തനതായ ബാറ്റിങ് ശൈലി തന്നെയായിരുന്നു അസറിനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കിയത്. ലെഗ് സൈഡിലേക്കുള്ള ഫ്ലിക്കുകള്‍ ഗ്രെഗ് ചാപ്പലിനെയും സഹീര്‍ അബ്ബാസിനെയുമൊക്കെ അനുസ്‍മരിപ്പിക്കുമായിരുന്നു. ബാറ്റിങിലെ നേട്ടങ്ങള്‍ നിശബ്ദമായിരുന്നെങ്കിലും ഫീല്‍ഡില്‍ ചോരാത്ത കൈകളായിരുന്നു അസറിനെ ഇന്ത്യയുടെ വന്‍മതിലാക്കിയത്. റബ്ബറുപോലെ വഴങ്ങുന്ന കൈക്കഴുകള്‍ ഉപയോഗിച്ചുള്ള ഷോട്ടുകള്‍ അസറിന്റെ മാത്രം ബാറ്റിങ് മുദ്രയായിരുന്നു.
അസറിന് മാത്രം അവകാശപ്പെടാവുന്നതും പിന്നീടിത് ആരാധകരുടെ അനുകരണ രീതികളുമായ ഒട്ടേറെ ശൈലികളുണ്ട്. അതിലൊന്നായിരുന്നു സദാസമയവും കോളര്‍ ഉയര്‍ത്തിവെച്ച് കളിക്കുന്ന അസര്‍. ആരാധകര്‍ ഇത് ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ നാട്ടിന്‍പുറങ്ങളില്‍ വരെ അസറിനെ അനുകരിക്കുന്നവരായിരുന്നു കൂടുതലും. ഫീല്‍ഡിലെ നടപ്പും ബാറ്റ് പിടിക്കുന്ന രീതിയും ഉദാസീനമായ ബാറ്റിങും അന്തര്‍മുഖമായ പെരുമാറ്റങ്ങളുമെല്ലാം അസര്‍ ആയതുകൊണ്ട് മാത്രം ആരാധകര്‍ അനുകരിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ അസറിന്റെ ജീവിതകഥ വെള്ളിത്തിരയില്‍ എത്തിയതോടെ പല നിഗൂഡതള്‍ക്കും ഉത്തരവും ആയിരിക്കുന്നു. കോളര്‍ ഉയര്‍ത്തിവെച്ച് അസര്‍ കളിച്ചിരുന്നതിലെ രഹസ്യമാണ് ഏറ്റവും രസകരം. 'ഫീല്‍ഡ് ചെയ്യുന്ന സമയത്ത് സൂര്യതാപത്താല്‍ കഴുത്തിലെ ത്വക്കിന് ചില പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. സൂര്യന്റെ ചൂടില്‍ നിന്നു കഴുത്തിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് കോളര്‍ ഉയര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. പിന്നീടിത് ശീലമാവുകയും ചെയ്തുവെന്ന് പറയുന്നു അസര്‍. ക്രിക്കറ്റ് കഴിഞ്ഞാല്‍ വാച്ചുകളോടും കാറുകളോടുമുള്ള അസറിന്റെ പ്രണയം പ്രശസ്തമാണ്. എന്നാല്‍ ഒത്തുകളി വിവാദം ഇടിത്തീയായി അസറിനു മേല്‍ പതിച്ചതോടെ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെസ്റ്റ് താരത്തിന്റെ കളിജീവിതത്തിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു.