മനം മാറി 2018 ലോകകപ്പില്‍ ബൂട്ടണിയുമോ മെസി?
കളം വാഴാന്‍ രാജകുമാരന്‍ തിരിച്ചെത്തിയാലും അതൊരു ചൂതാട്ടത്തിന് തുല്യമാകുമെന്ന ആശങ്ക മെസി ആരാധകരെ തെല്ലൊന്നുമല്ല....
കളിക്കളത്തില്‍ ആദ്യമായി ലയണല്‍ മെസി എന്ന രാജകുമാരന്‍ തോല്‍വി സമ്മതിച്ചിരിക്കുകയാണ്. 55 ഗോളുകളുമായി അര്‍ജന്‍റീനയുടെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനായി കളം വാണ മെസിക്കിത് അര്‍ജന്‍റീനയുടെ ജേഴ്സില്‍ ഒരു കലാശപ്പോരിലെ നാലാം പരാജയം. രാജ്യത്തിനായി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാത്തവനെന്ന അപഖ്യാതി 29കാരനായ ഫുട്ബോള്‍ രാജകുമാരനെ വല്ലാതെ വേട്ടയാടുന്ന ഒന്നായിരുന്നു. ഇന്നത്തെ പരാജയം ആ നൊമ്പരത്തിന് തീവ്രത പകര്‍ന്നിട്ടുണ്ടാവാം അതുറപ്പ്. നൂറ്റാണ്ടിലെ കോപ്പയിലെ ഏറ്റവും വലിയ കണ്ണീര്‍ ചിത്രമായി വിങ്ങിപ്പൊട്ടുന്ന മെസി മാറുമ്പോള്‍ അത് കാല്‍പന്ത് കളിയുടെ ആരാധകരുടെ നൊമ്പരം കൂടിയായി മാറുകയാണ്. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കാനുള്ള ആ തീരുമാനം ഒരുപക്ഷേ തീര്‍ത്തും വൈകാരികമാകും. ദയയില്ലാതെ വേട്ടയാടുന്നവര്‍ക്ക് കോപ്പ കിരീടം കൊണ്ട് മറുപടി കുറിക്കാന്‍ മെസി ആഗ്രഹിച്ചിരിക്കാം. അതും സ്വപ്നമാകുമ്പോള്‍ പിന്നെ മറുകുറിക്ക് മെസിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നും അവശേഷിക്കുന്നില്ല.
അര്‍ജന്‍റീനയുടെ കുപ്പായത്തിലുള്ള അവസാന മത്സരം മെസിയെ സംബന്ധിച്ചിടത്തോളം കയ്പുനീര്‍ നിറഞ്ഞതാണ്. നിര്‍ണായക നിമിഷത്തില്‍ പുറത്തേക്ക് അടിച്ചു കളഞ്ഞ ഒരു പെനാലിറ്റി. പിന്നെ ഒരു മഞ്ഞ കാര്‍ഡും. മെസി എന്ന അതികായന് ചേരുന്ന യാത്രാമൊഴിയല്ല ഇതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. 2014 ലോകകപ്പിന്‍റെ കലാശപ്പോരു വരെ നീലപ്പടയെത്തിയത് നായകനായ മെസിയുടെ ചിറകിലേറിയാണ്. ക്ലബ് ഫുട്ബോളില്‍ നേട്ടങ്ങളുടെ കൊടുമുടി കയറുമ്പോഴും രാജ്യത്തിനായി ഒരു കിരീടം എന്ന സ്വപ്നം പൂവണിയാതെ പോകുന്നതിന്‍റെ വേദനയുടെ ആഴം അളന്നെടുക്കാവുന്നതാണ്.
അര്‍ജന്‍റീനക്കായുള്ള തന്‍റെ കളി ജീവിതം അവസാനിച്ചെന്നും ചിലരെയെങ്കിലുമിത് സന്തോഷിപ്പിച്ചേക്കാമെന്നും മെസി തന്നെ പറഞ്ഞെങ്കിലും ആരാധകര്‍ ഇപ്പോഴും പ്രതീക്ഷയിലാണ്. വൈകാരികമായ തീരുമാനം മാറ്റി തങ്ങളുടെ പ്രിയ താരം അര്‍ജന്‍റീനക്കായി വീണ്ടും ബൂട്ടണിയുമെന്ന്. ഒരു ലോകകപ്പില്‍ കൂടി കളിച്ച് രാജ്യത്തെ നേട്ടത്തിന്‍റെ കൊടുമുടിയിലെത്തിച്ച് നടന്നു നീങ്ങുന്ന മെസിയുടെ ദൃശ്യം സ്വപ്നങ്ങളില്‍ പോലും പകരുന്ന ആനന്ദം ചെറുതല്ല. കളം വാഴാന്‍ രാജകുമാരന്‍ തിരിച്ചെത്തിയാലും അതൊരു ചൂതാട്ടത്തിന് തുല്യമാകുമെന്ന ആശങ്ക മെസി ആരാധകരെ തെല്ലൊന്നുമല്ല അലട്ടുന്നത്. ഇനിയൊരു പരാജയം അത് മെസിക്കും ആരാധക വൃന്ദത്തിനും താങ്ങാവുന്നതിലും അപ്പുറമാണ്.