ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങിയേക്കുമെന്ന് സൂചന
ബിസിസിഐയുമായുണ്ടാക്കിയ കരാര്‍ ഐസിസി ലംഘിച്ചിരിക്കുകയാണെന്നും പ്രതിഷേധ സൂചകമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പിന്‍മാറണമെന്നുമുള്ള ആവശ്യം പല മുതിര്‍ന്ന ക്രിക്കറ്റ് ഭാരവാഹികളും ഇതിനോടകം തന്നെ
വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ചും ഭരണനിര്‍വഹണത്തിലും ഇന്ത്യയുടെ അഭിപ്രായങ്ങള്‍ ഐസിസി തള്ളിയതോടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പിന്‍വാങ്ങുന്നതിനെക്കുറിച്ച് ബിസിസിഐ സജീവമായി ആലോചിക്കുന്നതായി സൂചന. വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച പുതിയ നിര്‍ദേശം അംഗീകരിക്കുകയോ സമ്മര്‍ദ തന്ത്രമെന്ന നിലയില്‍ ചാമ്പ്യന്‍സ് ട്രോഫീയില്‍ നിന്നും പിന്‍വാങ്ങുകയോ ആണ് ബിസിസിഐക്ക് മുന്നിലുള്ള മാര്‍ഗങ്ങള്‍. ബിസിസിഐയുടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ അധ്യക്ഷനായ വിനോദ് റായും ഐസിസിയില്‍ നിന്നും നേരിട്ട തിരിച്ചടിയില്‍ കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. അടുത്ത നടപടി തീരുമാനിക്കാന്‍ എസ്ജിഎം വിളിച്ചു ചേര്‍ക്കാന്‍ ബിസിസിഐ അംഗങ്ങളെ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ബിസിസിഐയുമായുണ്ടാക്കിയ കരാര്‍ ഐസിസി ലംഘിച്ചിരിക്കുകയാണെന്നും പ്രതിഷേധ സൂചകമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പിന്‍മാറണമെന്നുമുള്ള ആവശ്യം പല മുതിര്‍ന്ന ക്രിക്കറ്റ് ഭാരവാഹികളും ഇതിനോടകം തന്നെ പ്രകടമാക്കിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കരുതെന്ന വികാരം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളില്‍ വ്യാപകമാണെങ്കിലും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
ജൂണ്‍ ഒന്നു മുതല്‍ 18 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാന്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി പിന്നിട്ടെങ്കിലും ഇന്ത്യ ഇതുവരെയായും ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. അവസാന ദിനം പിന്നിട്ടെങ്കിലും ഇത് കേവലം സാങ്കേതികം മാത്രമാണെന്നും ടീം പ്രഖ്യാപനം താമസിയാതെ നടത്താനാകുമെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്