ലങ്കയുടെ താളം തെറ്റിച്ച് 12 പന്തുകളില്‍ നഷ്ടമായത് മൂന്ന് വിക്കറ്റ്
നേരത്തെ മൂന്ന് പന്തുകള്‍ക്കിടെ മെന്‍ഡിസും ചണ്ടിമാലും ബൌള്‍ഡായി മടങ്ങിയിരുന്നു....
പാകിസ്താനെതിരായ നിര്‍ണായക മത്സരത്തില്‍ ലങ്കയുടെ നടുവൊടിച്ച് 12 പന്തുകള്‍ക്കിടെ നഷ്ടമായത് മൂന്ന് വിക്കറ്റ്. കേവലം ഒരു റണ്‍ മാത്രം എഴുതിചേര്‍ക്കുന്നതിനിടെയാണ് മധ്യനിരയിലെ മൂന്ന് താരങ്ങളെ ലങ്കക്ക് നഷ്ടമായത്. 39 റണ്‍സെടുത്ത് ആക്രമണ ഗിയറിലേക്ക് നീങ്ങുകയായിരുന്ന ലങ്കന്‍ നായകന്‍ മാത്യൂസിനെ വീഴ്ത്തി ആമിറാണ് പതനത്തിന് തുടക്കം കുറിച്ചത്, ടൂര്‍ണമെന്‍റിലെ ആമിറിന്‍റെ ആദ്യ വിക്കറ്റ് കൂടിയായിരുന്നു ഇത്.
അടുത്ത ഓവറിലെ മൂന്നാം പന്തില്‍ വിക്കറ്റിന് പിന്നില്‍ സര്‍ഫ്രാസ് അഹമ്മദിന് പിടികൊടുത്ത് ഡിസില്‍വ മടങ്ങി. മുഹമ്മദ് ആമിറിന്‍റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഡിക്‍വെല്ലയും കൂടാരം കയറി. 73 റണ്‍സെടുത്ത ഡിക്‍വെല്ലയെ സര്‍ഫ്രാസ് മനോഹരമായി പറന്നു പിടികൂടുകയായിരുന്നു. നേരത്തെ മൂന്ന് പന്തുകള്‍ക്കിടെ മെന്‍ഡിസും ചണ്ടിമാലും ബൌള്‍ഡായി മടങ്ങിയിരുന്നു.
ആറ് റണ്‍സിനിടെയാണ് നാല് വിക്കറ്റുകളുമായി പാകിസ്താന്‍ ലങ്കയുടെ നടുവൊടിച്ചത്. മൂന്നിന് 161 എന്ന ശക്തമായ നിലയില്‍ നിന്നും ലങ്ക കൂപ്പുകുത്തിയത് ഏഴിന് 167 എന്ന പരിതാപകരമായ അവസ്ഥയിലേക്കും.