ചാമ്പ്യൻസ് ട്രോഫി പരിശീലന മത്സരത്തിൽ ഇന്ത്യക്ക് ജയം
മഴക്ക് ശമനമുണ്ടാകാതിരുന്നതിനെ തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ചാമ്പ്യൻസ് ട്രോഫിക്കു മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ ഇന്ത്യക്ക് ജയം. ന്യൂസിലൻഡിനെ 45 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നായകൻ വിരാട് കോഹ്ലി(52*) യും ഓപ്പണർ ശിഖർ ധവാനു(40) മാണ് ഇന്ത്യയുടെ വിജയത്തിന് പിന്നില്‍. ആദ്യം ബാറ്റു ചെയ്ത കിവീസ് ഉയർത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 26 ഓവറിൽ മൂന്നു വിക്കറ്റിന് 129 എന്ന നിലയിൽനിൽക്കെ മഴയെത്തി. പിന്നീട് മഴക്ക് ശമനമുണ്ടാകാതിരുന്നതിനെ തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഭുവനേശ്വർ കുമാറിന്റെയും മുഹമ്മദ് ഷമിയുടെയും മികച്ച പ്രകടത്തിന്റെ ബലത്തിലാണ് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡിനെ ഇന്ത്യ 189ൽ ഒതുക്കിയത്. ഷാമിയും ഭുവനേശ്വറും മൂന്നു വിക്കറ്റ് വീതം നേടി. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റ് വീഴ്ത്തി. ന്യൂസിലൻഡിനായി ലൂക്ക് റോഞ്ചി(66), ജയിംസ് നീഷം(46*) എന്നിവർക്കു മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞത്.