കാല്‍പന്ത് ആരാധകര്‍ക്ക് ആവേശമാകാന്‍ യൂറോയും കോപ്പയും
കോപ്പ അമേരിക്കയും യൂറോ കപ്പും ഒരേ സമയത്ത് വരുന്ന യാദൃഛികതക്കാണ് ജൂലൈ സാക്ഷ്യം വഹിക്കുന്നത്.
ക്ലബ് ഫുട്ബോള്‍ പോരാട്ടങ്ങള്‍ ഏതാണ്ട് അവസാനിച്ചു. നാട്ടിലേക്ക് മടങ്ങിയ താരങ്ങളെ ഇനി രാജ്യത്തിന്‍റെ ജഴ്സിയില്‍ കാണാം. കോപ്പ അമേരിക്കയും യൂറോ കപ്പും ഒരേ സമയത്ത് വരുന്ന യാദൃഛികതക്കാണ് ജൂലൈ സാക്ഷ്യം വഹിക്കുന്നത്.
കോപ്പ അമേരിക്കയുടെ നൂറാം പതിപ്പിന് ജൂണ്‍ 3ന് തുടക്കമാകും. പതിവിന് വിപരീതമായി അമേരിക്കയിലാണ് ഇത്തവണ മത്സരങ്ങള്‍. 16 ടീമുകളാണ് കോപ്പ ശതാബ്ദിയില്‍ മത്സരിക്കുന്നത്. നൂറ്റാണ്ട് താണ്ടുകയാണ് കാല്‍പന്തിന്റെ മഹാമേള. ലാറ്റിനമേരിക്കന്‍ കോപ്പയില്‍ നിറയുന്ന കളിക്ക് നൂറാം വര്‍ഷത്തില്‍ വീര്യം കൂട്ടാനാണ് സംഘാടക ശ്രമം. തെക്കേ അമേരിക്കയില്‍ നിന്ന് കളം നിറയുന്ന പത്ത് സംഘത്തോടെപ്പം അമേരിക്കൻ കോൺഫെഡറേഷനായ കോൺകകാഫിലെ ആറ് സംഘങ്ങളും ഇത്തവണ പന്ത് തട്ടും.
ടൂര്‍ണമെന്‍റ് ലാറ്റിനമേരിക്ക കടക്കുന്നത് നൂറ് വര്‍ഷത്തിലാദ്യം. അമേരിക്കയിലെ പത്ത് നഗരങ്ങളിലെ പത്ത് വേദികളിലാണ് കോപ്പയുടെ ആരവമുയരുക. ആദ്യ മത്സരത്തില്‍ ആതിഥേയര്‍ കൊളംബിയയെ നേരിടും. ജൂണ്‍ പതിനാറിന് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ ജൂണ്‍ 26നാണ് ശതാബ്ദിയാഘോഷത്തിന് അവസാനമാകുക. ലാറ്റിനമേരിക്കയില്‍ ഫുട്‌ബോള്‍ കളിയല്ല, കളിനിലങ്ങളില്‍ അത് ജീവിതം തന്നെയാണ്. ആരെയും മോഹിപ്പിക്കുന്ന അര്‍ജന്റീന, നൃത്തം ചവിട്ടുന്ന ബ്രസീല്‍, ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കൊളംബിയ, കഴിഞ്ഞ കോപ്പയുടെ ചിരി മാറാത്ത ചിലി, അതിര്‍ത്തികള്‍ ഭേഭിച്ച അമേരിക്ക. കണ്ണടിക്കാതിരിക്കാം ഇനി കോപ്പയുടെ കളിയഴകിന്.
കോപ്പ അമേരിക്കക്ക് പിന്നാലെ യൂറോ കപ്പിനും അടുത്ത മാസം തുടക്കമാകും, ജൂണ്‍ 10ന് ഫ്രാന്‍സിലാണ് യൂറോ കപ്പ് ആരംഭിക്കുക. ലോകകപ്പ് കഴിഞ്ഞാല്‍ കാല്‍പ്പന്ത് കളിക്ക് യൂറോകപ്പിനോളം ഒരാഘോഷമില്ല. നാല് വര്‍ഷം കൂടുന്ന ജൂണിലെ രാത്രി മഴക്ക് യൂറോ കപ്പിന്‍റെ ആരവങ്ങളാണ്.
കളി മികവില്‍ കോപ്പ അമേരിക്കയോട് തുലനം ചെയ്യാനാകില്ലെങ്കിലും യൂറോപ്പിന്റെ കരുത്തും വേഗവും പ്രൊഫഷണലിസവു യൂറോ ഫുട്ബോളിനെ ആരാധകരുടെ ആഘോഷമാക്കുന്നു. മാറ്റത്തിന്‍റെ പന്തുമായാണ് യൂറോകപ്പും ഫ്രാന്‍സിലേക്കുരുണ്ടെത്തുന്നത്. പതിനാറില്‍ നിന്ന് ടീമുകളുടെ എണ്ണം ഇരുപത്തിനാലിലെക്കെത്തി. നാല് സംഘങ്ങളടങ്ങിയ ആറ് ഗ്രൂപ്പുകള്‍. വമ്പന്‍മാര്‍ക്ക് പരുക്കേല്‍ക്കാത്ത ഗ്രൂപ്പ് നറുക്കെടുപ്പ് കൂടി ആയതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങളില്‍ മാത്രം കരുത്തര്‍ നേര്‍ക്ക് നേര്‍ വരും.
ഈഫല്‍ ടവറിന്‍റെ നാട്ടിലെ പത്ത് മൈതാനങ്ങളില്‍ യൂറോയുടെ ആരവങ്ങളുയരും. സംഘബോധം കൊണ്ട് ലോകത്തെ അതിശയിപ്പിച്ച ബെല്‍ജിയം, ലോകചാമ്പ്യന്‍മാരുടെ അമിതഭാരമുള്ള ജര്‍മ്മനി, കൈവിട്ട് പോയ കളി തിരിച്ച് പിടിക്കാനൊത്തുന്ന സ്പെയിന്‍, ഇതെങ്കിലുമെന്ന് സ്വപ്നം കാണുന്ന ഇംഗ്ലണ്ട്. പഴയ തഴമ്പപുമായെത്തുന്ന ഇറ്റലി. യോഗ്യതാ മത്സരങ്ങളില്‍ അത്ഭുതം കാണിച്ച വെയ്‌ല്‍സ്, ഐസ്‌ലാന്റ്, വടക്കന്‍ അയര്‍ലാന്റ്, അല്‍ബേനിയ. ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും ഒരു മാസക്കാലമാകും ഫ്രാന്‍സിനി. ക്രിസ്റ്റ്യാനോയും റൂണിയും ഹസാര്‍ഡും ഫാബ്രിഗാസും എല്ലാം നിറയുന്ന കളിയഴകാണ് ഇനി യൂറോ. കാത്തിരിക്കാം ജൂണ് പത്ത് വരെ.