കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം ആറു വിക്കറ്റ് അകലെ
ഇന്ത്യക്കെതിരെ 434 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡിന് നാല് വിക്കറ്റ് നഷ്ടമായി
കാണ്‍പൂര്‍ ടെസ്റ്റില്‍ അഞ്ഞൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ വിജയത്തിലേക്ക്. കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 434 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെ. ഒരു ദിവസം ശേഷിക്കെ ഇന്ത്യയുടെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന കിവീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലാണ്. ആറു വിക്കറ്റുകള്‍ മാത്രം ശേഷിക്കെ ന്യൂസിലന്‍ഡിന് തോല്‍വി ഒഴിവാക്കാന്‍ 341 റണ്‍സ് കൂടി വേണം. നാലാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ ലൂക്ക് റോഞ്ചി (38), മിച്ചല്‍ സാന്റ്‌നര്‍ (8) എന്നിവരാണ് ക്രീസില്‍. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനാണ് കിവീസ് മുന്‍നിരയെ തകര്‍ത്തെറിഞ്ഞത്.
ഇന്ത്യ രണ്ടാമിന്നിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രവീന്ദ്ര ജഡേജ , രോഹിത് ശര്‍മ്മ, മുരളി വിജയ്, ചെതേശ്വര്‍ പുജാര, എന്നിവര്‍ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടി. ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്‍ട്നറും, ഇഷ് സോധിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയുടെയും ആര്‍ അശ്വിന്റെയും മികച്ച ബൌളിംഗാണ് ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തത്.
കിവീസിന് മികച്ച തുടക്കം നല്‍കിയ നായകന്‍ വില്യംസണിനെയും ലാഥമിനെയും പുറത്താക്കി അശ്വിന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയപ്പോള്‍ ബാക്കി ജോലി രവീന്ദ്ര ജഡേജ ഏറ്റെടുത്തു.
73 റണ്‍സ് വഴങ്ങി ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തി. 75 റണ്‍സ് നേടിയ വില്യംസണ്‍ തന്നെയാണ് കിവീസ് നിരയില്‍ ടോപ് സ്കോറര്‍. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ കെ എല്‍ രാഹുലും മുരളി വിജയ്യും മികച്ച തുടക്കം നല്‍കി.
എന്നാല്‍ വ്യക്തിഗത സ്കോര്‍ 38 ല്‍ നില്‍ക്കെ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായി. ശേഷം മികച്ച രീതിയില്‍ ബാറ്റ് ചെയ്ത മുരളി വിജയും ചേതേശ്വര്‍ പൂജാരയും ടീമിനെ പെട്ടെന്ന് മുന്നോട്ട് നയിച്ചു. ഇരുവരും അര്‍ദ്ധ സെഞ്ചുറി നേടി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന നിലയിലുള്ള ഇന്ത്യക്കിപ്പോള്‍ 215 റണ്‍സ് ലീഡായി. പെട്ടെന്ന് റണ്‍സ് കണ്ടെത്തി മൂന്നാം ദിനം തന്നെ ഡിക്ലയര്‍ ചെയ്ത് ന്യൂസിലന്‍ഡിനെ ബാറ്റിംങ്ങിന് അയക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.