നെയ്മര്‍ക്ക് നേരെ ആരാധകര്‍ നോട്ട് വര്‍ഷം നടത്തിയതിന് പിന്നില്‍

Update: 2018-04-27 18:04 GMT
Editor : Subin
നെയ്മര്‍ക്ക് നേരെ ആരാധകര്‍ നോട്ട് വര്‍ഷം നടത്തിയതിന് പിന്നില്‍
Advertising

പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് തലത്തിലുള്ള അവസാന മത്സരത്തിനിടെയായിരുന്നു കുപ്രസിദ്ധമായ നോട്ടേറ് സംഭവമുണ്ടായത്...

ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ കാണികള്‍ കളിക്കാരുടെ നേരെ എന്തെങ്കിലും എറിയുന്നത് പുതുമയുള്ള കാര്യമല്ല. മെര്‍സെയ്‌ലയുമായി സമനിലയില്‍ അവസാനിച്ച പിഎസ്ജിയുടെ മത്സരത്തിനിടെ തനിക്ക് നേരെ വലിയ ബ്രഡുകള്‍ എറിഞ്ഞുവെന്ന നെയ്മര്‍ തന്നെ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ബയേണ്‍ മ്യൂണിച്ചുമായുള്ള മത്സരത്തിനിടെ നെയ്മര്‍ക്ക് നേരെ നോട്ട് വര്‍ഷം നടത്തിയിരിക്കുകയാണ് ബയേണ്‍ ആരാധകര്‍.

പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് തലത്തിലുള്ള അവസാന മത്സരത്തിനിടെയായിരുന്നു കുപ്രസിദ്ധമായ നോട്ടേറ് സംഭവമുണ്ടായത്. നെയ്മറിന്റെ മുഖമുള്ള 500ന്റെ യൂറോ നോട്ടുകളാണ് ബയേണ്‍ ആരാധകര്‍ ബ്രസീലിയന്‍ താരത്തിന് നേരെ എറിഞ്ഞത്. ബയേണ്‍ മ്യൂണിച്ച് ആരാധകരുടെ ഈ വിചിത്രമായ നീക്കത്തിന് പിന്നിലും ഒരു കാരണമുണ്ട്.

മത്സരത്തിന്റെ മുപ്പത്തിനാലാം മിനുറ്റില്‍ പിഎസ്ജിക്ക് ലഭിച്ച കോര്‍ണര്‍ എടുക്കാന്‍ എത്തിയതായിരുന്നു നെയ്മര്‍. കോര്‍ണറെടുക്കാനൊരുങ്ങവേ ഒരു ബയേണ്‍ മ്യൂണിച്ച് ആരാധകന്‍ വ്യാജ യൂറോയുടെ ഒരു കെട്ട് എറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. തനിക്ക് നേരെ വന്ന നോട്ട് കെട്ട് നെയ്മറും കണ്ടുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. എന്നാല്‍ അത് കറന്‍സിയാണോ അതില്‍ തന്റെ തന്നെ മുഖം പതിപ്പിച്ചിട്ടുണ്ട് എന്നോ നെയ്മറിന് മനസിലായില്ലെന്ന് വേണം കരുതാന്‍. ആ കടലാസ് കെട്ട് ലാഘവത്തോടെ തട്ടി മാറ്റി കോര്‍ണറെടുക്കുകയാണ് നെയ്മര്‍ ചെയ്തത്.

കഴിഞ്ഞ ആഗസ്തില്‍ കായികരംഗത്തെ എല്ലാ റെക്കോഡുകളും തകര്‍ക്കുന്നതായിരുന്നു നെയ്മറുടെ പിഎസ്ജിയിലേക്കുള്ള വരവ്. 222 മില്യണ്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ തുകയായി രേഖപ്പെടുത്തപ്പെട്ടത്. ട്രാന്‍സ്ഫര്‍ തുകയും മറ്റ് കരാറുകളുമെല്ലാം അടക്കം നെയ്മറിന്റെ മൂല്യം ആകെ 500 ദശലക്ഷം യൂറോ വരുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വനിതകളുടെ ഫുട്‌ബോളിലെ ആദ്യ ഏഴ് പ്രൊഫഷണല്‍ ലീഗിലെ എല്ലാ കളിക്കാരുടേയും പ്രതിഫലത്തേക്കാളും കൂടുതല്‍ നെയ്മറിന് ഒറ്റക്ക് ലഭിക്കുന്നുവെന്നും കണക്കുകള്‍ കാണിക്കുന്നു. 500 മില്യണ്‍ യൂറോ എന്ന അതിശയ സംഖ്യ തന്നെയായിരിക്കണം ബയേണ്‍ ആരാധകരെ നെയ്മറിന്റെ പടം വെച്ചുള്ള ഇത്തരമൊരു കറന്‍സി അടിക്കാന്‍ പ്രേരിപ്പിച്ചത്.

ബയേണ്‍ മ്യൂണിച്ചിനോട് 1-3ന് തോറ്റെങ്കിലും ഗ്രൂപ്പില്‍ ഒന്നാമതായി നോക്കൗട്ട് മത്സരങ്ങള്‍ക്ക് പിഎസ്ജി യോഗ്യത നേടി. ബയേണും ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ടിലെത്തിയിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News