രാഹുലിനും ധവാനും രോഹിത് ശര്‍മക്കും അര്‍ധശതകം
27 ഓവറുകളില്‍ നിന്നും 93 റണ്‍ കൂട്ടിച്ചേര്‍ന്ന ഓപ്പണിങ് സഖ്യം സ്വപ്നതുല്യമായ തുടക്കാണ് ഇന്ത്യക്ക് നല്‍കിയത്.
വിന്‍ഡീസ് പര്യടനത്തിലെ ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. വെസ്റ്റിന്‍സീസ് ക്രിക്കറ്റ് ബോര്‍ഡ് ഇലവനെതിരായ ത്രിദിന മത്സരത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ രാഹുലും ധവാനും മധ്യനിര ബാറ്റ്സ്മാന്‍ രോഹിത് ശര്‍മയും അര്‍ധ ശതകങ്ങള്‍ നേടി. 27 ഓവറുകളില്‍ നിന്നും 93 റണ്‍ കൂട്ടിച്ചേര്‍ന്ന ഓപ്പണിങ് സഖ്യം സ്വപ്നതുല്യമായ തുടക്കാണ് ഇന്ത്യക്ക് നല്‍കിയത്.
ഏഴ് ബൌണ്ടറികളുടെ സഹായത്തോടെ 51 റണ്‍സെടുത്ത ധവാന്‍ റിട്ടയര്‍ ചെയ്തു. തുടര്‍ന്നെത്തിയ നായകന്‍ കൊഹ്‍ലി 14 റണ്‍സിനും അജിങ്ക്യ രഹാനെ അഞ്ച് റണ്‍സിനും കൂടാരം കയറി. അര്‍ധ ശതകം പൂര്‍ത്തിയാക്കിയ ഉടന്‍ രാഹുലും റിട്ടയര്‍ ഔട്ടായി മടങ്ങി. 102 പന്തുകളില്‍ നിന്നും 32 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും റിട്ടയര്‍ ചെയ്തു. തുടര്‍ന്നെത്തിയ രോഹിത് ശര്‍മ 54 റണ്‍സോടെ പുറത്താകാതെ നിന്നു. 22 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയും ഇതിനിടെ മടങ്ങി. 18 റണ്‍സോടെ അമിത് മിശ്രയാണ് ഒന്നാംദിനം കളി നിര്‍ത്തുന്പോള്‍ രോഹിതിനൊപ്പം ക്രീസില്‍.