റയോ ഒളിമ്പിക്സില്‍ അര്‍ജന്റീനന്‍ ടീം പങ്കെടുത്തേക്കില്ല

Update: 2018-04-30 14:58 GMT
റയോ ഒളിമ്പിക്സില്‍ അര്‍ജന്റീനന്‍ ടീം പങ്കെടുത്തേക്കില്ല
Advertising

കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിലെ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്ന ഒരു വാര്‍ത്ത കൂടി.

കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിലെ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്ന ഒരു വാര്‍ത്ത കൂടി. റയോ ഒളിമ്പിക്സില്‍ അര്‍ജന്റീന ടീം പങ്കെടുക്കാനുള്ള സാധ്യത മങ്ങുന്നു. അര്‍ജന്റീന ഒളിമ്പിക് കമ്മിറ്റി അധ്യക്ഷനാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് തവണ ചാമ്പ്യന്‍മാരായ അര്‍ജന്റീന റയോ ഒളിമ്പിക്സില്‍ പങ്കെടുത്തേക്കില്ല. ടീം പങ്കെടുക്കുന്നതിനുള്ള സാധ്യത 50 ശതമാനം മാത്രമാണെന്ന് അര്‍ജന്റീന ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ അറിയിച്ചു. ടീമിന്റെ പതിനെട്ടംഗ അന്തിമ പട്ടിക കൈമാറാന്‍ ദിവസങ്ങള്‍ ശേഷിക്കെ ടീം സ‍ജ്ജമാകാത്തതാണ് കാരണം. താരങ്ങളെ വിട്ട് കൊടുക്കാന്‍ ക്ലബുകള്‍ തയ്യാറായിട്ടില്ല. പ്രമുഖ താരങ്ങളായ പൌലോ ഡിബാല, ഫ്യൂനസ് മോറി , ക്രാനവിറ്റര്‍ എന്നിവരുടെ പ്രാതിനിധ്യം ഇത് വരെ ഉറപ്പാക്കാനായിട്ടില്ല. ദിവസങ്ങള്‍ മാത്രം ശേഷിക്കെ താരങ്ങളെ വിട്ട് കിട്ടുമോ എന്ന് ഉറപ്പില്ല.

അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ കെടുകാര്യസ്ഥതയെയും ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ ജെറാര്‍‍ഡോ വെര്‍തെയ്ന്‍ വിമര്‍ശിച്ചു. അസോസിയേഷനെ കശാപ്പ്ശാല എന്നാണ് വെര്‍തെയ്ന്‍ വിശേഷിപ്പിച്ചത്. സ്ഥാനമൊഴിഞ്ഞ ടീം പരിശീലകന്‍ ജെറാര്‍ഡ് മാര്‍ട്ടിനോയും ഈ അവസ്ഥക്ക് കാരണക്കാരനാണെന്നാണ് ഒളിമ്പിക് കമ്മിറ്റി പറയുന്നത്. നിഷ്ക്രിയമായാണ് മാര്‍ട്ടിനോ പെരുമാറിയത്. ഇത് വരെ ടീം കണ്ടെത്താന്‍ കഴിയാത്തതില്‍ മാര്‍ട്ടിനോക്കും പങ്കുണ്ടെന്നും വിമര്‍ശിച്ചു. പ്രാതിനിധ്യം ഉറപ്പാക്കാനായി ആഭ്യന്തര ക്ലബുകളോട് താരങ്ങളെ വിട്ടുകൊടുക്കാന്‍ ഒളിമ്പിക് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ പ്രമുഖ താരങ്ങളില്‍ ഇല്ലാതെ അര്‍ജന്റീനയെ റയോയില്‍ കാണേണ്ടി വരും. ആഗസ്റ്റ് മൂന്നിനാണ് ഒളിമ്പിക്സില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുക. ഒളിമ്പിക്സിലെ പുരുഷന്മാരുടെ ഫുട്ബോള്‍ 23 വയസിന് താഴെയുള്ളവരുടെ ടൂര്‍ണമെന്റാണ്. പുരുഷ ടീമില്‍ 23 വയസിന് മുകളിലുള്ള മൂന്ന് പേരെ മാത്രമാണ് ഉള്‍പ്പെടുത്താനാകുക. എന്നാല്‍ വനിതാ ടീമില്‍ വയസിന് പരിധിയില്ല.

Tags:    

Similar News