ഇന്നിങ്സ് ജയം; ചരിത്രം കുറിച്ച് കേരളം ക്വാര്‍ട്ടറില്‍
ഇന്നിങ്സിനും എട്ട് റണ്‍സിനുമാണ് കേരളത്തിന്റെ ജയം. അവസാന ദിനമായ ഇന്ന് ആദ്യ സെഷനിലെ തുടക്കത്തില്‍ രജത് പലൈവാലും അമിത് മിശ്രയും ചേര്‍ന്ന് വട്ടം കറക്കിയെങ്കിലും
രഞ്ജി ട്രോഫിയില്‍ ഹരിയാനക്കെതിരെ ഇന്നിങ്സ് ജയത്തോടെ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇതാദ്യമായാണ് കേരളം നോക്കൌട്ടില്‍ പ്രവേശിക്കുന്നത്. ഇന്നിങ്സിനും എട്ട് റണ്‍സിനുമാണ് കേരളത്തിന്റെ ജയം. അവസാന ദിനമായ ഇന്ന് ആദ്യ സെഷനിലെ തുടക്കത്തില്‍ രജത് പലൈവാലും അമിത് മിശ്രയും ചേര്‍ന്ന് വട്ടം കറക്കിയെങ്കിലും കൃത്യമായ ബൌളിങിലൂടെ കേരളം മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. 34 റണ്‍സെടുത്ത പലൈവാലാണ് ആദ്യം പുറത്തായത്. ജലജ് സക്സേനക്കായിരുന്നു വിക്കറ്റ്. 40 റണ്‍സെടുത്ത അമിത് മിശ്രയും കൂടാരം കയറിയതോടെ കേരളം ജയം മണത്തു. 32 റണ്‍സോടെ പുറത്താകാതെ നിന്ന മേഹ്ത ഇന്നിങ്സ് പരാജയം ഒഴിവാക്കാന്‍ ഏകനായി പൊരുതിയെങ്കിലും നിരാശയായിരുന്നു ഫലം.
ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചാണ് കേരളം ആദ്യമായി ക്വാർട്ടർ ഫൈനലിൽ കടന്നത്. കേരളത്തിനായി ജലജ് സക്സേനയും നിധീഷും മൂന്ന് വിക്കറ്റ് വീതം വീഴ്‍ത്തി. അവസാന ദിവസം വീണ അഞ്ച് വിക്കറ്റുകളില്‍ മൂന്നും നിധീഷ് സ്വന്തം പോക്കറ്റിലാക്കി.
ഗ്രൂപ്പ് ഘട്ടത്തിൽ ജാർഖണ്ഡ്, രാജസ്ഥാൻ, സൗരാഷ്ട്ര, ജമ്മു കശ്മീർ, ഹരിയാന എന്നീ ടീമുകളെ തോൽപ്പിച്ച കേരളം, നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോടു മാത്രമാണു തോറ്റത്. 1994-95 കാലത്തു പ്രീ-ക്വാർട്ടറിൽ ഇടം നേടിയതാണ് ഇതിനു മുൻപു രഞ്ജിയിലെ കേരളത്തിന്റെ നോക്കൗട്ട് പ്രവേശനം. 1996-97ൽ സൂപ്പർ ലീഗ് ഘട്ടത്തിലെത്തിയെങ്കിലും സൗത്ത് സോണിനപ്പുറം പോയില്ല. പിന്നീട് പ്ലേറ്റ്-എലൈറ്റ് രീതിയിൽ രഞ്ജി ട്രോഫി നടന്നപ്പോൾ 2002-03 സീസണിൽ പ്ലേറ്റ് വിഭാഗം ഫൈനലിലെത്തി. എന്നാൽ അവസാന നോക്കൗട്ട് ഘട്ടത്തിലെത്തിയില്ല
സ്കോർ: ഹരിയാന– 208, 173. കേരളം: 389.