റിയോ ഒളിമ്പിക്സ്: റാഫേല്‍ നദാല്‍ ഇന്ന് കളത്തില്‍

Update: 2018-05-03 02:40 GMT
Editor : Alwyn K Jose
റിയോ ഒളിമ്പിക്സ്: റാഫേല്‍ നദാല്‍ ഇന്ന് കളത്തില്‍
Advertising

ഇറ്റലിയുടെ ആന്ദ്രെസ് സെപ്പിയാണ് നദാലിന്റെ എതിരാളി. രണ്ടാം ഒളിമ്പിക്സ് സ്വര്‍ണ്ണം ലക്ഷ്യമിട്ടാണ് നദാല്‍ റിയോയില്‍ മത്സരിക്കുന്നത്.

സ്പാനിഷ് ടെന്നീസ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ഇന്ന് കളത്തിലിറങ്ങും. ഇറ്റലിയുടെ ആന്ദ്രെസ് സെപ്പിയാണ് നദാലിന്റെ എതിരാളി. രണ്ടാം ഒളിമ്പിക്സ് സ്വര്‍ണ്ണം ലക്ഷ്യമിട്ടാണ് നദാല്‍ റിയോയില്‍ മത്സരിക്കുന്നത്.

കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് നദാലിന് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കുമോ എന്ന ആശങ്ക ടെന്നീസ് പ്രേമികള്‍ക്കുണ്ടായിരുന്നു. അവസാന നിമിഷമാണ് റിയോയില്‍ റാക്കറ്റേന്തുന്ന കാര്യം നദാല്‍ സ്ഥിരീകരിച്ചത്. റിയോയില്‍ സിംഗിള്‍സിലും ഡബിള്‍സിലും താരം കളത്തിലിറങ്ങും. ഡബിള്‍സില്‍ മാര്‍ക് ലോപസാണ് നദാലിന് പങ്കാളി. കളിമണ്‍ കോര്‍ട്ട് കണ്ട ഏറ്റവും മികച്ച കളിക്കാരനാണ് നദാല്‍. ശരിക്കും സ്പാനിഷ് കാളക്കൂറ്റന്‍. 2004 മുതല്‍ 9 തവണയാണ് ഫ്രഞ്ച് ഓപണ്‍ കിരീടം താരം സ്വന്തമാക്കിയത്. യുഎസ് ഓപണ്‍, വിംബിള്‍ഡണ്‍‍, ആസ്ത്രേലിയന്‍ ഓപണ്‍ കിരീടങ്ങളും നേടി. 69 കിരീടങ്ങളും മാഡ്രിഡുകാരന്റെ പേരിലുണ്ട്. ബീജിങ് ഒളിമ്പിക്സില്‍ സ്വര്‍ണ്ണവും താരം കുറിച്ചു. ഫെഡററെയും ജോക്കോവിചിനെയും മറെയെയും മറികടന്നായിരുന്നു ഈ നേട്ടങ്ങളത്രയും.

പരിക്കും ഫോമില്ലായ്മയും അടുത്ത കാലത്ത് വില്ലനായെത്തിയെങ്കിലും നദാലിന്റെ പോരാട്ടവീര്യത്തിന് കുറവൊന്നുമുണ്ടായിട്ടില്ല. നിലവില്‍ റാങ്കിങില്‍ 5ാം സ്ഥാനത്താണ് നദാലിപ്പോള്‍. ബീജിങിന്റെ ആവര്‍ത്തനമാണ് റിയോയില്‍ താരത്തിന്റെ ലക്ഷ്യം. ഫെഡറര്‍ പരിക്കേറ്റ് ഒളിമ്പിക്സില്‍ പങ്കെടുക്കാത്തതും ജോക്കോവിച്ച് ആദ്യ റൌണ്ടില്‍ പുറത്തായതും നദാലിന്റെ മുന്നോട്ടുള്ള വഴി എളുപ്പമാക്കിയേക്കും.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News