ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇന്നിറങ്ങും
റയല്‍ ബെറ്റിസാണ് ബാഴ്‌സയുടെ എതിരാളികള്‍. ഡിപ്പോര്‍ട്ടീവോ ല കൊരുനയെയാണ് റയല്‍ മാഡ്രിഡ് നേരിടുക.
സ്പാനിഷ് ലീഗിലെ ആദ്യ മത്സരത്തിന് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇന്നിറങ്ങും. റയല്‍ ബെറ്റിസാണ് ബാഴ്‌സയുടെ എതിരാളികള്‍. ഡിപ്പോര്‍ട്ടീവോ ല കൊരുനയെയാണ് റയല്‍ മാഡ്രിഡ് നേരിടുക.
ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ലാലിഗയുടെ പുതിയ സീസണില്‍ ബാഴ്‌സയുടേയും റയലിന്റേയും തുടക്കാം കാണാന്‍. ആദ്യ മത്സരത്തില്‍ റയല്‍ ബെറ്റിസിനെതിരെ തകര്‍പ്പന്‍ ജയമാണ് ബാഴ്‌സയുടെ ലക്ഷ്യം. കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും മുന്നേറാന്‍ ബാഴ്‌സക്കായില്ല. ടീമിന്റെ ശക്തികേന്ദ്രമായ മെസി നെയ്മര്‍ സുവാരസ് ത്രയം തകര്‍ന്നത് ആശങ്കയിലാഴ്ത്തുന്നു. മാത്രവുമല്ല പരിക്ക് മൂലം സുവാരസിനും ജെറാര്‍ഡ് പീക്വക്കും ആദ്യ മല്‍സരങ്ങളില്‍ കളിക്കാനാവാത്തത് ടീമിന് തിരിച്ചടിയാണ്. സ്വന്തം തട്ടകമായ നൗ കാമ്പില്‍ തകര്‍പ്പന്‍ ജയത്തോടെ പുതിയ സീസണ്‍ തുടങ്ങാനാണ് ബാഴ്‌സയുടെ പദ്ധതി.
തകര്‍പ്പന്‍ ഫോമിലാണ് റയല്‍ മാഡ്രിഡ്. കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കിയ സിദാനും സംഘവും ചാമ്പ്യന്‍സ് ലീഗിലും ജേതാക്കളായി. ചിരവൈരികളായ ബാഴ്‌സയെ ഇരു പാദങ്ങളിലും തോല്‍പ്പിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പിലും മുത്തമിട്ടു. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് വിലക്ക് കാരണം ആദ്യ നാല് മത്സരങ്ങില്‍ കളിക്കാനാവാത്തത് ടീമിന് തലവേദനയാണ്. എങ്കിലും കരീം ബെന്‍സേമ, ലൂക്കാ മോഡ്രിച്ച്, കാസ്മിറോ എന്നിവരുടെ സാന്നിധ്യം ടീമിന് കരുത്താണ്. ഡീപോര്‍ട്ടീവോ ല കൊരുണയുടെ തട്ടകത്തിലാണ് റയല്‍ ആദ്യ മത്സരത്തിനിറങ്ങന്നത്.