കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ കാളയുടെ കുത്തേറ്റ് മരിച്ചു
ടെലിവിഷനില്‍ തല്‍സമയ സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ബാരിയോയുടെ മരണം
കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചു. സ്പെയിനിലെ ടെറുലിലാണ് സംഭവം. ടെലിവിഷനില്‍ തല്‍സമയ സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ബാരിയോയുടെ മരണം.
കാളപ്പോരിനിടയില്‍ കാള വിക്ടര്‍ ബാരിയോയെ കൊമ്പില്‍ കോര്‍ത്ത് എറിയുകയും നെഞ്ചില്‍ കുത്തുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ സഹകളിക്കാര്‍ കാളയുടെ ശ്രദ്ധതിരിച്ച് വിക്ടറിനെ മാറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സ്പെയിനില്‍ ഈ നൂറ്റാണ്ടില്‍ കാളയുടെ കുത്തേറ്റ് മരിക്കുന്ന ആദ്യത്തെ താരമാണ് വിക്ടര്‍ ബാരിയോ. കാളപ്പോരിന്റെ നാടായ സ്പെയിനില്‍ പോരിനിടെ മരണം സംഭവിക്കുന്നത് സാധാരണമാണ്. 1985ല്‍ ജോസ് കുബെറോയാണ് അവസാനമായി കാളപ്പോരിനിടെ മരിച്ചത്. കഴിഞ്ഞ വര്‍ഷം പ്രശസ്ത കാളപ്പോരുകാരന്‍ ഫ്രാന്‍സിസ് റിവാരോക്ക് പോരിനിടയില്‍ മാരക പരിക്ക് പറ്റിയിരുന്നു. ഓരാ വര്‍ഷവും സ്പെയിനില്‍ 2000 കാളപ്പോരുകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പെയിനിലെ പലപ്രദേശങ്ങളിലും കാളപ്പോരിന് ഇപ്പോള്‍ നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.