കായികതാരങ്ങള്‍ക്ക് അവഗണന; കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്നുനല്‍കുന്നില്ല
കെട്ടിട നമ്പര്‍ നല്‍കാന്‍ നഗരസഭയില്‍ നിന്നും ഉണ്ടാകുന്ന കാലതാമസമാണ് ഇതിന് കാരണമായത്.
പൊടിയിലും ചെളിയിലും കായികതാരങ്ങള്‍ പരിശീലനം നടത്തുമ്പോള്‍ അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം വെറുതെ കിടന്ന് നശിക്കുന്നു. 23 കോടി രൂപ മുടക്കി സര്‍ക്കാര്‍ കോട്ടയത്ത് നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയമാണ് കായിക കേരളത്തിന് പ്രയോജനപ്പെടാതെ നശിച്ചുകൊണ്ടിരിക്കുന്നത്. കെട്ടിട നമ്പര്‍ നല്‍കാന്‍ നഗരസഭയില്‍ നിന്നും ഉണ്ടാകുന്ന കാലതാമസമാണ് ഇതിന് കാരണമായത്.
1983 ല്‍ വിഭാവനം ചെയ്ത കോട്ടയത്തെ ഈ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പലതവണ തറക്കല്ലിട്ടതാണ്. എന്നാല്‍ പണി പൂര്‍ത്തിയാക്കാന്‍ 33 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനവും നടത്തിയെങ്കിലും കേരളത്തിന് മുതല്‍കൂട്ടാകേണ്ട സ്റ്റേഡിയം ഇനിയും കായിക താരങ്ങള്‍ തുറന്ന് കൊടുക്കാന്‍ സാധിച്ചിട്ടില്ല. അന്താഷ്ട്ര നിലവാരമുള്ള ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം തൊട്ടടുത്ത് കിടക്കുമ്പോഴാണ് കായിക താരങ്ങള്‍ക്ക് പൊടിയില്‍ പരിശീലനം നടത്തേണ്ടി വരുന്നത്. നിര്‍മ്മാണ അനുമതിക്കായി സമര്‍പ്പിച്ച പ്ലാനില്‍ നിന്നും വ്യത്യസ്ഥമായി സ്റ്റേഡിയം പണിതതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. കെട്ടിട നമ്പര്‍ നല്‍കാന്‍ സാധിക്കില്ലെന്ന നിലപാട് നഗരസഭ സ്വീകരിച്ചതോടെ സ്റ്റേഡിയത്തിന് ആവശ്യമായ വെള്ളം വൈദ്യുതി കണക്ഷനുകളും ലഭിക്കാതെയായി. പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ജില്ല കലക്ടര്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ചുവപ്പ് നാടയില്‍ കുടുങ്ങിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തെ കായിക കേരളത്തിന് തുറന്ന് നല്‍കാന്‍ സാധിച്ചിട്ടില്ല.