നീന്തല്‍ക്കുളത്തില്‍ സ്വര്‍ണക്കുതിപ്പിനൊരുങ്ങി സജന്‍ പ്രകാശ്

Update: 2018-05-08 14:33 GMT
Editor : Jaisy
നീന്തല്‍ക്കുളത്തില്‍ സ്വര്‍ണക്കുതിപ്പിനൊരുങ്ങി സജന്‍ പ്രകാശ്
Advertising

ഒളിമ്പിക്സില്‍ മെഡല്‍ നേടാനായില്ലെങ്കിലും സെമി വരെയെങ്കിലും എത്താനാകും സജന്‍ ശ്രമിക്കുക.

ഇഞ്ചിയോണില്‍‌ നടന്ന ദേശീയ ഗെയിംസിലാണ് സാജന്‍ പ്രകാശെന്ന പ്രതിഭയെ രാജ്യമറിഞ്ഞത്. നീന്തല്‍ക്കുളത്തില്‍ നിന്ന് മെഡലുകള്‍ വാരിക്കൂട്ടിയ സജന്‍ കന്നി ഒളിമ്പിക്സിനിറങ്ങുമ്പോള്‍ ഇന്ത്യക്കൊപ്പം കേരളവും പ്രതീക്ഷയിലാണ്. ഒളിമ്പിക്സില്‍ മെഡല്‍ നേടാനായില്ലെങ്കിലും സെമി വരെയെങ്കിലും എത്താനാകും സജന്‍ ശ്രമിക്കുക.

ഇത് ഇന്ത്യയുടെ മൈക്കല്‍ ഫെല്‍പ്പ്സ്. ദേശീയ ഗെയിംസില്‍ നീന്തല്‍ക്കുളത്തില്‍ നിന്ന് 6 സ്വര്‍ണവും 3 വെള്ളിയുമടക്കം 9 മെഡലുകള്‍ മുങ്ങിയെടുത്ത സജന്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഇനത്തില്‍ മത്സരിക്കുന്പോള്‍ ഇന്ത്യക്കൊപ്പം കേരളവും പ്രതീക്ഷയിലാണ്. ഇടുക്കിക്കാരനായ ഈ 22 കാരന്‍ റിയോയിലെത്തിയത് വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും അധ്യായങ്ങള്‍ പിന്നിട്ടാണ്.

സജനില്‍ നിന്ന് രാജ്യം കാണാനാഗ്രഹിക്കുന്ന മറ്റു ചിലതുണ്ട്. ഫെല്‍പ്സിനെപ്പോലെയാകാന്‍ കൊതിച്ച പയ്യന്‍ ഫെല്‍പ്പ്സിനൊപ്പം ഒരേ കുളത്തില്‍ നീന്തുന്നത് കാണുക. ഫെല്‍പ്സിന്റെ ഇഷ്ടയിനം കൂടിയായ 200 മീ ബട്ടര്‍ഫ്ലൈയില്‍ വെവ്വേറെ ഹീറ്റ്സുകളിലായാകും ഇരുവരും ഇറങ്ങുക. സെമി വരെയെങ്കിലും എത്തുകയാണ് സജന്റെ ലക്ഷ്യം. ഒളിമ്പിക് മെഡല്‍ നേടുകയെന്നത് അത്ര എളുപ്പമല്ലെന്ന് സജനറിയാം. 1.59 200 മീറ്ററില്‍ സജന്റെ മികച്ച സമയം. മത്സരിക്കുന്ന 30 പേരില്‍ സജനെക്കാള്‍ മോശം സമയമുള്ളവര്‍ മൂന്ന് പേര്‍ മാത്രം. കന്നി ഒളിമ്പിക്സിനെത്തുമ്പോള്‍ സജന് പറയാന്‍‌ മറ്റൊരു കഥ കൂടിയുണ്ട്. 1990 ബീജിങ് ഏഷ്യന്‍ ഗെയിംസില്‍ 4 ഗുണം 400 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമംഗമായിരുന്നു സജന്റെ അമ്മ ശാന്തിമോള്‍.

1988 സോള്‍ ഒളിമ്പിക്സിന്റെ യോഗ്യതാ മീറ്റില്‍ പരാജയപ്പെട്ടു. തന്റെ ഒളിമ്പിക് സ്വപ്നങ്ങള്‍ മകനിലൂടെ യാഥാര്‍ഥ്യമാക്കുകയാണ് ഈയമ്മ. യൂണിവേഴ്സാലിറ്റി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സജന്‍ റിയോ ബെര്‍ത്ത് ഉറപ്പിക്കുന്നത്. സീനിയര്‍ താരങ്ങളായ സന്ദീപ് സെജ്‌വാളിനെയും വിര്‍ധവാല്‍ ഖഡെയെയും മറികടന്ന് സജന്‍ യോഗ്യത നേടിയതില്‍ അത്ഭുതപ്പടാനില്ല. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലും 1500 മീറ്റര്‍ ഫ്രീസ്റ്റൈലിലും ദേശീയറെക്കോര്‍ഡിനുടമയാണ് ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥന്‍ കൂടിയായ സജന്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News