ഗവാസ്കര്‍ 10,000 റണ്‍ തികച്ച ദൃശ്യങ്ങള്‍ നഷ്ടമായി
ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ടൈ ആയ ടെസ്റ്റ് മത്സരം, 1987ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പ് മത്സരങ്ങള്‍.....
ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി 10,000 റണ്‍ മല കയറിയ സുനില്‍ ഗവാസ്കറുടെ ചരിത്ര നേട്ടത്തിന്‍റെ ദൃശ്യങ്ങള്‍ ദൂരദര്‍ശനില്‍ നിന്ന് നഷ്ടമായി. നഷ്ടമായ ചരിത്ര നിമിഷങ്ങളുടെ ലിസ്റ്റ് ഇതില്‍ അവസാനിക്കുന്നില്ല - ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ടൈ ആയ ടെസ്റ്റ് മത്സരം, 1987ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പ് മത്സരങ്ങള്‍ എന്നിവയുടെ ദൃശ്യങ്ങളും പടിക്ക് പുറത്താണ്. മത്സരങ്ങളുടെ സംപ്രക്ഷേപണ അവകാശം ഇക്കാലങ്ങളില്‍ ദൂരദര്‍ശനില്‍ മാത്രം നിക്ഷിപ്തമായിരുന്നു. വിവരാവകാശ നിയമപ്രകാരം ദ സണ്‍ഡേ എക്സ്പ്രസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് ഈ ദൃശ്യങ്ങള്‍ കൈമോശം വന്നതായി ദൂരദര്‍ശന്‍ സമ്മതിച്ചത്.
ഈ മത്സരങ്ങളുടെ പ്രസക്തഭാഗങ്ങള്‍ ഓണ്‍ലൈനില്‍ ഇപ്പോഴും ലഭ്യമാണെങ്കിലും ചരിത്ര ദൃശ്യങ്ങളുടെ സൂക്ഷിപ്പുകാര്‍ക്ക് ഇത് ഏതുവിധേനയാണ് നഷ്ടമായതെന്നതു സംബന്ധിച്ച് വ്യക്തമായ ഉത്തരമില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം സുവര്‍ണ കാലമാണ് 1980കള്‍. ലോകകപ്പ് ജയം, ബ്രാഡ്മാന്‍റെ 29 ശതകങ്ങളുടെ റെക്കോഡ് ഗവാസ്കര്‍ മറികടന്നത്. ഒരു ടെസ്റ്റില്‍ 16 വിക്കറ്റുകളുമായി നരേന്ദ്ര ഹിര്‍വാനിയുടെ അരങ്ങേറ്റം തുടങ്ങി നേട്ടങ്ങളുടെ കാലഘട്ടമായിരുന്നു അത്.
ക്രിക്കറ്റ് ദൃശ്യങ്ങള്‍ മാത്രമല്ല ഹോക്കിയുടെ ദൃശ്യങ്ങളും നഷ്ടമായവയില്‍ ഉള്‍പ്പെടും. അടുത്തിടെ മരണമടഞ്ഞ ഹോക്കി താരം മൊഹമ്മദ് ഷഹീദിന്‍റെ കളിക്കളത്തിലെ അവിസ്മരണീയ നിമിഷങ്ങളും നഷ്ടങ്ങളുടെ കണക്കില്‍ ഉള്‍പ്പെടും.