വിംബിള്‍ഡണ്; മറെയും ജ്യോകോവിച്ചും പുറത്ത്
അമേരിക്കയുടെ സാം ക്വെറിയാണ് നിലവിലെ ചാംപ്യനായ മറെയെ അട്ടിമറിച്ചത്
വിംബിള്‍ഡണ്‍ ടെന്നീസില്‍ ടോപ് സീഡുകളായ ആന്‍ഡി മറെയും നൊവാക് ജ്യോകോവിച്ചും സെമി കാണാതെ പുറത്ത്. അമേരിക്കയുടെ സാം ക്വെറിയാണ് നിലവിലെ ചാംപ്യനായ മറെയെ അട്ടിമറിച്ചത്. ജ്യോകോ പരിക്ക് മൂലം പിന്മാറുകയായിരുന്നു. അതേമസയം റോജര്‍ ഫെഡററും മാരിന്‍ സിലിച്ചും സെമിയില്‍ കടന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മറെ കീഴടങ്ങിയത്. ആദ്യ സെറ്റ് 6-3 ന് നേടിയ മറെക്ക് പിന്നീട് തിരിച്ചടിയായിരുന്നു ഫലം. രണ്ടാം സെറ്റ് 4-6 ന് ക്വെറി പിടിച്ചു. പക്ഷെ ടൈബ്രേക്കിലേക്ക് നീണ്ട മൂന്നാം സെറ്റ് 7-6 ന് നേടി മറെ പ്രതീക്ഷ നല്‍കി.
പക്ഷെ നാലാം സെറ്റ് 6-1 ന് അനായാസം നേടിയ ക്വെറി മറെയെ ഞെട്ടിച്ചു. അഞ്ചാം സെറ്റ് ഇരുവര്‍ക്കും നിര്‍ണായകം. പക്ഷെ, മറെ എല്ലാം കൈവിട്ടു, 6-1 ന് സെറ്റ് അനായാസം നേടി ക്വെറി സെമിയിലേക്ക്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില് തോല്‍വിയുമായി മറെ നിരാശയോടെ മടക്കം. ചെക് റിപ്പബ്ലിക്ക് താരം തോമസ് ബെര്‍ഡിക്റ്റിനെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു രണ്ടാം സീഡ് നൊവാക് ജ്യോകോവിച്ചിന്റെ പിന്മാറ്റം. കാനഡയുടെ മിലോസ് റോണിച്ചിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ തകര്‍ത്താണ് മൂന്നാം സീഡ് റോജര്‍ ഫെഡററുടെ സെമി പ്രവേശം. ലക്സംബര്‍ഗ് താരം ഗില്ലസ് മുള്ളറെ തോല്‍പ്പിച്ച് ഏഴാം സീഡ് ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചും സെമിയിലെത്തി.