ഏകദിന പരമ്പരയും ഇന്ത്യക്ക്
സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടേയും അര്‍ധ സെഞ്ച്വറി നേടിയ മഹേന്ദ്രസിങ് ധോണിയുടേയും ബാറ്റിങ്ങാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്...
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടേയും അര്‍ധ സെഞ്ച്വറി നേടിയ മഹേന്ദ്രസിങ് ധോണിയുടേയും ബാറ്റിങ്ങാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബൂംറയാണ് മാന്‍ ഓഫ് ദ മാച്ച്. ടെസ്റ്റിലെ സമ്പൂര്‍ണ ജയത്തിന് പിന്നാലെ ഏകദിന പരന്പരയും ഇന്ത്യ സ്വന്തമാക്കി.
ലങ്ക ഉയര്‍ത്തി വിജയലക്ഷ്യം 218 റണ്‍സ്. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബൂംറയാണ് ലങ്കയുടെ നടുവൊടിച്ചത് ഇന്ത്യന്‍ സ്‌ക്കോര്‍ 19 റണ്‍സിലെത്തിനില്‍ക്കെ ശിഖര്‍ ധവാനേയും വിരാട് കോഹ്ലിയേയും നഷ്ടമായി. 17 റണ്‍സെടുത്ത ലോകേഷ് രാഹുലിനേയും അക്കൗണ്ട് തുറപ്പിക്കാതെ കേദാര്‍ യാദവിനേയും അഖില ധനഞ്ജയ മടക്കി അയച്ചു. തോല്‍വി തുറിച്ചുനോക്കിയ ഘട്ടത്തില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും മഹേന്ദ്രസിങ് ധോണിയും പിടിച്ചുനിന്നു. 64 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ രോഹിത് 118 പന്തില്‍ സെഞ്ച്വറി തികച്ചു.
74 പന്തില്‍ നിന്നായിരുന്നു ധോണിയുടെ അര്‍ധ സെഞ്ച്വറി. 157 റണ്‍സിന്റെ വിജയ കൂട്ടുകെട്ട് ഇരുവരും തീര്‍ത്തു. ഇന്ത്യക്ക് ജയിക്കാന്‍ 8 റണ്‍സ് മാത്രം വേണ്ടിവന്നപ്പോള്‍ കാണികള്‍ കളി തടസപ്പെടുത്തി. സ്‌റ്റേഡിയത്തില്‍ നിന്ന് കാണികളെ പുറത്താക്കിയതിന് ശേഷമാണ് കളി തുടര്‍ന്നത്.