ഖത്തറിൽ ലോകകപ്പ് നടത്താൻ ഉപാധികൾ വേണമെന്ന ആവശ്യവുമായി യു.എ.ഇ
സമാന ആവശ്യവുമായി കൂടുതൽ ശക്തമായി രംഗത്തു വരാൻ സൗദി അനുകൂല രാജ്യങ്ങൾ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.
ഖത്തറിൽ ലോകകപ്പ് നടത്താൻ ഉപാധികൾ വേണമെന്ന ആവശ്യവുമായി യു.എ.ഇ രംഗത്ത്. കാൽപന്തുകളിയുടെ ലോകോത്തര മേളയുടെ വിശുദ്ധി നിലനിർത്താൻ അത് കൂടിയേ തീരൂവെന്നും യു.എ.ഇ വ്യക്തമാക്കി. സമാന ആവശ്യവുമായി കൂടുതൽ ശക്തമായി രംഗത്തു വരാൻ സൗദി അനുകൂല രാജ്യങ്ങൾ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.
2022 ലോകകപ്പ് ഫുട്ബാളിനുള്ള ആതിഥേയത്വത്തിൽ ഭീകരവാദത്തിന്‍റെയും തീവ്രവാദത്തിന്‍റെയും നിരാകരണം കൂടി ഉൾപ്പെടുത്തണമെന്നാണ് യു.എ.ഇയുടെ ആവശ്യം. വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിധി ട്വീറ്റ് സന്ദേശങ്ങളിലാണ് അദ്ദേഹം ഇൗ അഭിപ്രായ പ്രകടനം അദ്ദേഹം നടത്തിയത്. തീവ്രവാദ വ്യക്തികളുടെയും സംഘടനകളുടെയും ഭീകരവാദികളുടെയും പിന്തുണകൊണ്ട് 2022ലെ ലോകകപ്പ് ഫുട്ബാൾ ആതിഥ്യം കളങ്കപ്പെട്ടുകൂടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ അവരുടെ നയങ്ങൾ പുനരവലോകനം ചെയ്യണം. ചതുർരാഷ്ട്രങ്ങളുടെ ആവശ്യത്തിന് വേണ്ടിയല്ല ഇൗ പുനരവലോകനം നടത്തേണ്ടത്. അങ്ങനെയെങ്കിൽ അത് അപൂർണമായിരിക്കും. അന്താരാഷ്ട്ര പ്രതിബദ്ധതയാണ് ഖത്തറിൽനിന്ന് ഉണ്ടാവേണ്ടതെന്നും ഗർഗാശ് അഭിപ്രായപ്പെട്ടു.