ഫ്രഞ്ച് ഓപ്പണ്‍: സെമിയില്‍ ആന്‍ഡി മറെ - വവറിങ്ക പോരാട്ടം
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ ആന്‍ഡി മറെ- സ്റ്റാനിസ്ലസ് വവറിങ്ക പോരാട്ടത്തിന് കളമൊരുങ്ങി.
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ ആന്‍ഡി മറെ- സ്റ്റാനിസ്ലസ് വവറിങ്ക പോരാട്ടത്തിന് കളമൊരുങ്ങി. മറെ, റിച്ചാര്‍ഡ് ഗാസ്ക്വെറ്റിനെയും വവറിങ്ക റാമോസ് വിനാലോസിനെയുമാണ് തോല്‍പിച്ചത്. വനിതാ സിംഗിള്‍സില്‍ ഗാര്‍ബൈന്‍ മുഗുരുസയും സമാന്ത സ്റ്റോസറും സെമിയില്‍ കടന്നു.
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ പോരാട്ടങ്ങള്‍ കടുക്കുന്നു. പുരുഷ സിംഗിള്‍സ് ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്‍ വവറിങ്കയും- രണ്ടാം സീഡ് ആന്‍ഡി മറെയും ഏറ്റുമുട്ടും. നാല് സെറ്റ് നീണ്ട മത്സരത്തില്‍ ഗാസ്ക്വെറ്റിനെ തോല്‍പിച്ചാണ് മറെ സെമിയിലെത്തിയത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു മറെയുടെ തിരിച്ചുവരവ്. ടൈ ബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് ശക്തമായ പോരാട്ടത്തിനൊടുവില്‍ മറെ സ്വന്തമാക്കി. അവസാന രണ്ട് സെറ്റുകളില്‍ അനായാസമായിരുന്നു ബ്രിട്ടിഷ് താരത്തിന്റെ ജയം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വവറിങ്കയുടെ ജയം. ആദ്യ രണ്ട് സെറ്റുകളും അനായാസം സ്വന്തമാക്കിയ സ്വിസ് താരത്തിനെതിരെ മൂന്നാം സെറ്റില്‍ റാമോസ് വിനോലാസ് ചെറുത്തു നിന്നെങ്കിലും ടൈ ബ്രേക്കറില്‍ സെറ്റും മത്സരവും വവറിങ്ക സ്വന്തമാക്കി. പിരങ്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സ്റ്റോസര്‍ അവസാന നാലിലേക്ക് മുന്നേറിയത്. അമേരിക്കന്‍ താരം ഷെല്‍ബി റോജേഴ്സിനെയാണ് നാലാം സീഡ് മുഗുരുസ തോല്‍പിച്ചത്.