യൂറോ കപ്പ് കുടുംബസംഗമല്ല; ഇനി താരങ്ങളുടെ 'കുട്ടി'ക്കളി സ്റ്റേഡിയത്തില്‍ നടക്കില്ല
യൂറോയില്‍ 'കുട്ടി'കളിക്ക് ഇനി ഇടമില്ല. മത്സരശേഷമുള്ള ആഘോഷത്തില്‍ കുട്ടികളെ കൊണ്ട് വരുന്ന വെയില്‍സ് താരങ്ങള്‍ക്കെതിരെ സംഘാടകര്‍ രംഗത്തെത്തി
യൂറോയില്‍ 'കുട്ടി'കളിക്ക് ഇനി ഇടമില്ല. മത്സരശേഷമുള്ള ആഘോഷത്തില്‍ കുട്ടികളെ കൊണ്ട് വരുന്ന വെയില്‍സ് താരങ്ങള്‍ക്കെതിരെ സംഘാടകര്‍ രംഗത്തെത്തി. യൂറോ കപ്പ് ചീഫ ഓര്‍ഗനൈസറായ മാര്‍ട്ടിന്‍ കല്ലെനാണ് കുട്ടികളെ സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയത്.
ഈ യൂറോ കപ്പിലെ മനോഹര കാഴ്ചകളില്‍ ഒന്നായിരുന്നു ഗരെത് ബെയ്‌ലും മകളും ചേര്‍ന്നുള്ള വിജയാഘോഷം. വടക്കന്‍ അയര്‍ലന്‍ഡിനെതിരായ ജയത്തിന് ശേഷമായിരുന്നു ബെയ്ല്‍ മകളുമായി മൈതാനത്തിലേക്ക് ഇറങ്ങിയത്. ഇത് കണ്ട് ബെല്‍ജിയത്തിനെതിരായ ജയത്തിന് ശേഷം നീല്‍ ടൈലറും റോബ്സന്‍ കാനുവും മക്കളെ മൈതാനത്തിറക്കി. നായകന്‍ ആഷ്‌ലി വില്യംസ് രണ്ട് കുട്ടികളെ കയ്യിലെടുത്താണ് മത്സരശേഷം മാധ്യമങ്ങളെ കാണാന്‍ എത്തിയത്. ഇതോടെയാണ് യൂറോ കപ്പ് സംഘാടകര്‍ ഇടപ്പെട്ടത്. സംഭവം കാണാന്‍ നല്ല രസമുണ്ടെങ്കിലും അത് മൈതാനത്ത് വേണ്ട എന്നാണ് സംഘാടകരുടെ നിലപാട്.
യൂറോ കപ്പ് കുടുംബ സംഗമമല്ല എന്നായിരുന്നു യൂറോ കപ്പ് ചീഫ് ഓര്‍ഗനൈസര്‍ ആയ മാര്‍ട്ടീന്‍ കല്ലെന്റെ പ്രസ്താവന. സ്‌റ്റേഡിയം കുട്ടികള്‍ക്ക് സുരക്ഷിതമായ സ്ഥലമല്ലെന്നും ഇത് കൊണ്ടാണ് കുട്ടികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കല്ലെന്‍ പറഞ്ഞു. ഇന്ന് വെയ്ല്‍സ് പോര്‍ച്ചുഗലുമായി സെമി ഫൈനലിന് ഇറങ്ങാനിരിക്കെയാണ് കല്ലെന്റെ മുന്നറിയിപ്പ്.