ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം

Update: 2018-05-10 23:08 GMT
ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം
Advertising

അഞ്ഞൂറാം ടെസ്റ്റ് മത്സരമെന്ന നാഴികക്കല്ല് ആവേശോജ്വല ജയത്തോടെ ആഘോഷമാക്കാമെന്ന പ്രതീക്ഷയിലാകും ഇന്ത്യന്‍ ടീം ഇറങ്ങുക.

ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് നാളെ കാണ്‍പൂരില്‍ തുടക്കമാകും. ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ അഞ്ചൂറാം ടെസ്റ്റ് മത്സരമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

അഞ്ഞൂറാം ടെസ്റ്റ് മത്സരമെന്ന നാഴികക്കല്ല് ആവേശോജ്വല ജയത്തോടെ ആഘോഷമാക്കാമെന്ന പ്രതീക്ഷയിലാകും ഇന്ത്യന്‍ ടീം ഇറങ്ങുക. സമീപ കാലത്തെ മികച്ച ടെസ്റ്റ് ടീമെന്ന വിശേഷണവുമായിറങ്ങുന്ന ഇന്ത്യന്‍ ടീമിന്‍റെ നട്ടെല്ല് നായകന്‍ വിരാട് കൊഹ്ലിയാണ്. ഓപ്പണിംഗില്‍ ശിഖര്‍ ധവാനൊപ്പം മുരളി വിജയ്ക്കു പകരം ലോകേഷ് രാഹുല്‍ ഇടം നേടിയേക്കും. കൊഹ്‍ലിയും പുജാരയും രഹാനയുമടങ്ങുന്ന മധ്യനിര ശക്തമാണ്. വിമര്‍ശകരുടെ വായടപ്പിക്കണമെങ്കില്‍ രോഹിത് ശര്‍മ്മക്ക് മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. കാണ്‍പൂരിലെ സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ അശ്വിന്‍- അമിത് മിശ്ര- രവീന്ദ്ര ജഡേജ ത്രയത്തിന്‍റെ പ്രകടനം നിര്‍ണായകമാകും. പേസര്‍ ഇശാന്ത് ശര്‍മ്മയുടെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ അവസരത്തിനൊത്തുയരേണ്ടതുണ്ട്. മാര്‍ട്ടിന്‍ ഗുപ്റ്റിലിനൊപ്പം ടോം ലാഥമായിരിക്കും ന്യൂസിലന്‍ഡ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. കെയിന്‍ വില്യംസണും റോസ് ടെയ്ലറും അടങ്ങുന്ന മധ്യനിരയാണ് കിവീസിന്‍റെ കരുത്ത്. നിര്‍ണ്ണായക ഘട്ടത്തില്‍ റണ്‍ കണ്ടെത്താന്‍ കഴിയുന്ന ബി ജെ വാട്ലിംഗും കിവികള്‍ക്ക് മുതല്‍ക്കൂട്ടാണ്. ഇന്ത്യയുടെ സ്പിന്‍ ത്രയത്തോട് കിടപിടിക്കാവുന്ന ബൌളര്‍മാരാണ് മിച്ചല്‍ സാന്‍ട്നര്‍-മാര്‍ക്ക് ക്രെയിഗ്- ഇഷ് സോധി എന്നിവര്‍. ട്രന്‍റ് ബോള്‍ട്ട്, ഡഗ് ബ്രെയ്സ്‌വെല്‍ എന്നിവര്‍ ഏത് ലോകോത്തര ബാറ്റിംഗ് നിരയെയും നേരിടാന്‍ കെല്‍പുള്ളവരാണ്.

Tags:    

Similar News