ഇന്ത്യന്‍ ജിംനാസ്റ്റിക്‌സിലെ സുവര്‍ണ്ണതാരം
നിശ്ചയദാര്‍ഢ്യം കൊണ്ടും കഠിനാധ്വാനം കൊണ്ടും നേടിയ ഈ നാലാം സ്ഥാനത്തിന് ഒരു മെഡിലിനോളം വിലയുണ്ട്. അത് കൊണ്ടാണ് രാജ്യത്തിന്റെ ഏക വ്യക്തിഗത ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്ര പോലും പറഞ്ഞത്. തന്റെ ഹീറോ ദിപയാണെന്ന്...
ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ദിപ കര്‍മാക്കറുടെത്. പരിമിതികള്‍ നിറഞ്ഞ സാഹചര്യത്തില്‍ നിന്നാണ് ദിപ കര്‍മാക്കര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കായിക താരങ്ങളില്‍ ഒരാളായി മാറിയത്. ഒളിംപിക്‌സിലെ ദിപയുടെ പ്രകടനം രാജ്യത്തെ ജിംനാസ്റ്റിക്‌സ് മേഖലയില്‍ വലിയ മാറ്റത്തിന് കാരണമായേക്കും.
കായിക മേഖലക്കാവശ്യമായ അടിസ്ഥാന സൗകര്യ വികസനമില്ലായ്മയെ കുറിച്ച് ഇന്ത്യ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും. അടിസ്ഥാന സൗകര്യങ്ങള്‍ ഏറെയുള്ള, കായിക മേഖല ജനകീയമായ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളോട് മത്സരിച്ചാണ് ദിപ നാലാം സ്ഥാനത്തെത്തിയത്.
ദിപയുടെ ഇനത്തില്‍ സ്വര്‍ണം നേടിയ അമേരിക്കയിലും വെള്ളി നേടിയ റഷ്യയിലും ജിംനാസ്റ്റിക്‌സ് ജനകീയ ഇനമാണ്. റഷ്യക്ക് നദിയ കൊമനേച്ചിയുടെയും അമേരിക്കക്ക് ഷാനോണ്‍ മില്ലറെ പോലെയുമുള്ളവരുടെയും ഒരുപാട് പാരമ്പര്യമുണ്ട്. ദിപക്കുള്ളത് പെണ്‍കുട്ടികള്‍ കായിക മേഖലയിലേക്ക് വരാന്‍ കഷ്ടപ്പെടുന്ന ഒരു സംസ്‌കാരവും.
വനിതകള്‍ കൈവെക്കാത്ത ജിംനാസ്റ്റിക്‌സിലേക്കാണ് പരിമിതികളില്‍ നിന്ന് ദിപ കടന്ന് വന്നത്.രാജ്യത്ത് ഭൂരിഭാഗം പേര്‍ക്കും പരിചിതമല്ലാത്ത ജിംനാസ്റ്റിക്‌സ് ഇനി ഇന്ത്യയില്‍ വേര് പിടിച്ചേക്കുമെന്നുറപ്പാണ്. സാനിയ മിര്‍സക്കും സൈന നേഹ്‌വാളിനും ശേഷം ദിപ കര്‍മാക്കറും പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുമെന്ന് തീര്‍ച്ച.
ഈ ഒളിംപിക്‌സില്‍ ഇത് വരെയുള്ളതില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം ദീപയുടേതെന്ന് നിസംശയം പറയാം. നിശ്ചയദാര്‍ഢ്യം കൊണ്ടും കഠിനാധ്വാനം കൊണ്ടും നേടിയ ഈ നാലാം സ്ഥാനത്തിന് ഒരു മെഡിലിനോളം വിലയുണ്ട്. അത് കൊണ്ടാണ് രാജ്യത്തിന്റെ ഏക വ്യക്തിഗത ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്ര പോലും പറഞ്ഞത്. തന്റെ ഹീറോ ദിപയാണെന്ന്.