റഫേല്‍ നദാല്‍ ടെന്നിസ് അക്കാദമി ആരംഭിച്ചു
ടെന്നിസിനും വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യമാണ് റാഫ നദാല്‍ അക്കാദമി എന്ന് പേരിട്ടിരിക്കുന്ന പരിശീലന കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് ലഭിക്കുക
മുന്‍ ലോക ഒന്നാം നമ്പര്‍ താരം റഫേല്‍ നദാലിന്റെ അന്താരാഷ്ട്ര ടെന്നിസ് അക്കാഡമി യുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ജന്മനാടായ മണാക്കോറിലാണ് നദാലിന്‍റെ അക്കാഡമി. ചടങ്ങില്‍ പങ്കെടുത്ത റോജര്‍ ഫെഡറര്‍, പ്രതിസന്ധികളോട് പൊരുതാനുള്ള നദാലിന്‍റെ ആര്‍ജ്ജവത്തെ അഭിനന്ദിച്ചു.
ടെന്നിസിനും വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യമാണ് റാഫ നദാല്‍ അക്കാദമി എന്ന് പേരിട്ടിരിക്കുന്ന പരിശീലന കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് ലഭിക്കുക. ഇരുപത്തിനാലായിരം സ്ക്വയര്‍ മീറ്ററിലാണ് അക്കാദമി സജ്ജീകരിച്ചിരിക്കുന്നത്. 26 ഇന്‍ഡോര്‍- ഔട്ട്ഡോര്‍ ടെന്നിസ് കോര്‍ട്ടുകള്‍, പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി അമേരിക്കന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍, ആധുനിക സൌകര്യങ്ങളോട് കൂടിയ താമസ സ്ഥലം, ഫിറ്റ്നസ് സെന്‍റര്‍, ഭക്ഷണ ശാല, ക്ലിനിക് തുടങ്ങിയ സൌകര്യങ്ങളെല്ലാം ഇവിടെയുണ്ട്.
അക്കാഡമിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് സ്വിസ് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ എത്തി. നദാലിന്‍റെ തിരിച്ചു വരവുകളാണ് എക്കാലവും തനിക്ക് ഊര്‍ജ്ജം നല്‍കിയിട്ടുള്ളതെന്ന് ഫെഡറര്‍ പറഞ്ഞു. വിരമിക്കുമോയെന്ന ചോദ്യത്തിന് അതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നായിരുന്നു നദാലിന്‍റെ പ്രതികരണം.