സച്ചിനേക്കാല്‍ പ്രതിഭയുണ്ടായിട്ടും കാംബ്ലിക്ക് സംഭവിച്ചത്; കപില്‍ പറയുന്നു
കായിക രംഗത്തെ വളർച്ചയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്ന കാര്യത്തിൽ കുടുംബത്തിലെ സാഹചര്യങ്ങളും സുഹൃദ് വലയവും സച്ചിന്റേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു കാംബ്ലിയുടേത്.
സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ പ്രതിഭ ബാല്യകാല സുഹൃത്ത് വിനോദ് കാംബ്ലിക്കെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. കായിക താരങ്ങളുടെ ജീവിതത്തിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയ്ക്കുള്ള പ്രാധാന്യം എടുത്തുപറയവെയാണ് 1983ല്‍ ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ കപിലിന്റെ അഭിപ്രായം.
സച്ചിനും കാംബ്ലിയും ഒരുമിച്ച് കരിയർ ആരംഭിച്ചവരായിരുന്നു. എന്നാല്‍ സച്ചിനേക്കാൾ പ്രതിഭാധനൻ കാംബ്ലിയായിരുന്നു. കായിക രംഗത്തെ വളർച്ചയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്ന കാര്യത്തിൽ കുടുംബത്തിലെ സാഹചര്യങ്ങളും സുഹൃദ് വലയവും സച്ചിന്റേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു കാംബ്ലിയുടേത്. പ്രതിഭയെന്നത് ഒരു കായികതാരത്തിന്റെ ജീവിതത്തിൽ അവശ്യം വേണ്ട പല ഘടകങ്ങളിൽ ഒന്നു മാത്രമാണ്. അയാൾക്ക് വളരാൻ ആവശ്യമായ ഘടകങ്ങൾ വെറെയുമുണ്ട്. സുഹൃത്തുക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, സ്കൂളിലെ അധ്യാപകർ, കോളജ് കാലത്തെ അധ്യാപകരും സുഹൃത്തുക്കളും. ഇവരുടെയൊക്കെ പിന്തുണ ഉണ്ടെങ്കിലേ അയാളുടെ കരിയറിൽ ഉന്നതി ഉണ്ടാകൂ. അതേസമയം, മാതാപിതാക്കള്‍ അവരുടെ ആഗ്രഹങ്ങളെ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നതും ഗുണം ചെയ്യില്ലെന്ന് കപിൽ ദേവ് പറഞ്ഞു.
പിന്നീട് എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാം അറിയാം. സച്ചിൻ നീണ്ട 24 വർഷക്കാലം രാജ്യത്തിനായി കളിച്ചു. കാംബ്ലിയാകട്ടെ, തന്റെ കരിയറിന്റെ തുടക്കത്തിൽ സ്വന്തമാക്കിയ നേട്ടങ്ങൾ ഉയർത്തിയ പ്രതീക്ഷകൾക്കൊത്ത് ഉയരാനാകാതെ നേരത്തെ തന്നെ കായികരംഗം വിട്ടു – കപിൽ ചൂണ്ടിക്കാട്ടി.