സച്ചിന്റെ മകന്റെ സെലക്ഷനെ ന്യായീകരിച്ച് പ്രണവിന്റെ അച്ഛന്‍
പശ്ചിമ മേഖലാ അണ്ടര്‍ 16 ക്രിക്കറ്റ് ടീം സെലക്ഷനില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവിനെ ഒഴിവാക്കി സച്ചിന്റെ മകനെ തെരഞ്ഞെടുത്തതായി സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്റെ പശ്ചിമ മേഖലാ അണ്ടര്‍ 16 ക്രിക്കറ്റ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദം അനാവശ്യമെന്ന് പ്രണവിന്റെ പിതാവ് പ്രശാന്ത്. പശ്ചിമ മേഖലാ അണ്ടര്‍ 16 ക്രിക്കറ്റ് ടീം സെലക്ഷനില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവിനെ ഒഴിവാക്കി സച്ചിന്റെ മകനെ തെരഞ്ഞെടുത്തതായി സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, വസ്തുത അറിയാതെയാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചയെന്ന് പ്രശാന്ത് പറഞ്ഞു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍ 16 ടീമില്‍ നിന്നാണ് പശ്ചിമമേഖല ടീമിനെ കണ്ടെത്തിയത്. ആള്‍ റൗണ്ടര്‍ എന്ന നിലയിലാണ് അര്‍ജുന്‍ ടീമില്‍ ഇടം നേടിയത്. ഈ സെലക്ഷന്‍ നേരത്തെ തന്നെ നടന്നതാണ്. അതിന് ശേഷമാണ് തന്റെ മകന്‍ ഇന്നിംഗ്‌സില്‍ 1009 റണ്‍സിന്റെ റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ചതെന്നും പ്രശാന്ത് പറഞ്ഞു. പ്രണവും അര്‍ജുനും അണ്ടര്‍ 19 ക്യാമ്പില്‍ ഒരുമിച്ചു കളിച്ചവരും സുഹൃത്തുക്കളുമാണ്. കഴിവുകൊണ്ട് തന്നെയാണ് അര്‍ജുന്‍ ടീമില്‍ ഇടം നേടിയതെന്ന് പ്രശാന്ത് പറഞ്ഞു.