കോപ്പയില്‍ നാളെ സൂപ്പര്‍ പോരാട്ടം; അര്‍ജന്റീനയും ചിലിയും നേര്‍ക്കുനേര്‍
നിലവിലെ ചാമ്പ്യന്‍മാരായ ചിലിയും ലോക ഒന്നാം റാങ്കുകാരായ അര്‍ജന്റീനയും നാളെ നേര്‍ക്കുനേര്‍.
നിലവിലെ ചാമ്പ്യന്‍മാരായ ചിലിയും ലോക ഒന്നാം റാങ്കുകാരായ അര്‍ജന്റീനയും നാളെ നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം രാവിലെ 7.30ക്കാണ് മത്സരം. കഴിഞ്ഞ വര്‍ഷം സാന്റിയാഗോ സ്റ്റേഡിയത്തില്‍ ചിലിയില്‍ നിന്നേറ്റ തോല്‍വി അര്‍ജന്റീന അടുത്ത കാലത്തൊന്നും മറക്കില്ല. രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിക്കുമെന്ന് കരുതിയടത്ത് നിന്നാണ് ചിലി കപ്പും കൊണ്ട് പോയത്.
പകരം ചോദിക്കാനാണ് അര്‍ജന്റീന നാളെ ഇറങ്ങുന്നത്. കടലാസിലിപ്പോഴും കരുത്തര്‍ അര്‍ജന്‍റീനക്കാരാണ്. ലയണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ, എയ്ഞ്ചല്‍ ഡി മരിയ ഇത്രയും ശക്തമായൊരു മുന്നേറ്റ നിര ലോകത്ത് ഒരു ടീമിനുമില്ല. മധ്യനിരയുടെ പിന്തുണയെ പറ്റിയും പേടിക്കാനില്ല. മൈതാനത്തെ പരിശീലകനാണ് ഹാവിയര്‍ മഷരാനോ. പ്രവചനാതീതമാണ് എറിക് ലമേലയുടെ നീക്കങ്ങള്‍. എതിര്‍നിരയുടെ ആക്രമണങ്ങളെ മൈതാന മധ്യത്തിലേ നുള്ളുന്നവരാണ് ലൂക്കാസ് ബിഗ്ലിയയും അഗസ്റ്റോ ഫെര്‍ണാണ്ടസും. പിന്‍നിരയുടെ കാവല്‍ക്കാരന്‍ ഒട്ടമന്‍ഡിയായിരിക്കും.
അലക്സിസ് സാഞ്ചസും അര്‍ടുറോ വിദാലും വര്‍ഗാസും ചിലിക്ക് വിജയച്ചിരി സമ്മാനിച്ചവരാണ്. അര്‍ജന്‍റീനിയന്‍ പ്രതിരോധത്തെ നിരന്തരം വെല്ലുവിളിക്കാന്‍ ഇവര്‍ക്കാകും. മൈതാനമധ്യത്ത് അരങ്ക്വിസ് അരങ്ങ് വാഴും. നായകന്‍ ക്ലോഡിയോ ബ്രാവോ ഗോള്‍ പോസ്റ്റിന് കാവല്‍ നില്‍ക്കുന്നതാണ് ചിലിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. പുതിയ പരിശീലകന്‍ സിപ്പിയുടെ തന്ത്രങ്ങളും അര്‍ജന്റീനക്ക് അത്ര പരിചിതമല്ല.