പരിക്ക്; അര്‍ജന്റീന ടീമിലേക്കുള്ള മെസിയുടെ തിരിച്ച് വരവ് വൈകും
ലാലീഗയില്‍ അത് ലറ്റിക് ബില്‍ബാവോക്കെതിരായ മത്സരത്തിനിടെയാണ് മെസിയുടെ പിന്‍തുടക്ക് പരിക്കേറ്റത്.
അര്‍ജന്റീന ദേശീയ ടീമിലേക്കുള്ള ലയണല്‍ മെസിയുടെ തിരിച്ച് വരവ് വൈകിയേക്കും. ലാലീഗയിലെ മത്സരത്തിനിടെ പിന്‍തുടക്ക് പരിക്കേറ്റ മെസിക്ക് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ല.
വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് അര്‍ജന്റീന ടീമിലേക്ക് മെസി മടങ്ങിയെത്തുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ലാലീഗയില്‍ അത് ലറ്റിക് ബില്‍ബാവോക്കെതിരായ മത്സരത്തിനിടെയാണ് മെസിയുടെ പിന്‍തുടക്ക് പരിക്കേറ്റത്. എന്നാല്‍ മെസി മത്സരം പൂര്‍ത്തിയാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പരിക്കുണ്ടെന്ന കാര്യം വ്യക്തമായത്.പരിക്കില്‍ നിന്ന് എത്ര നാള്‍ കൊണ്ട് മുക്തനാകും എന്ന് പറയാനാകില്ലെന്ന് ബാഴ്സലോണ അറിയിച്ചു. പരിക്ക് വക വെക്കാതെ മെസി അര്‍ജന്റീനയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉറൂഗ്വായ്ക്കെതിരെയും സെപ്റ്റംബര്‍ ആറിന് വെനസ്വേലക്കെതിരെയുമാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍. സെര്ജിയോ അഗ്യൂറോക്കും ഹാവിയര്‍ പാസ്റ്റോറെക്കും മത്സരത്തില് കളിക്കാനാകില്ല.
ലോകകപ്പ് യോഗ്യതാ ഗ്രൂപ്പില്‍ നിലവില്‍ 11 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അര്‍ജന്റീന.