മെസിയും കൂട്ടരും ഇന്ത്യയില്‍ കളിക്കാന്‍ വരുന്നു

Update: 2018-05-12 07:53 GMT
Editor : Alwyn K Jose
മെസിയും കൂട്ടരും ഇന്ത്യയില്‍ കളിക്കാന്‍ വരുന്നു
Advertising

ബാഴ്‍സയുടെ മത്സരമുള്ള ദിവസം അര്‍ധരാത്രിയിലും ഉറങ്ങാതെ ടിവിക്ക് മുമ്പില്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.

അര്‍ജന്റീനയുടെ ലയണല്‍ മെസി, ബ്രസീലിന്റെ നെയ്മര്‍, ഉറുഗ്വെയുടെ ലൂയിസ് സുവാരസ്... ലോക ഫുട്ബോളില്‍ ഈ ത്രയത്തിന്റെ മുന്നേറ്റത്തിന് കടിഞ്ഞാണിടാന്‍ കരുത്തുള്ള ആരുമുണ്ടാകില്ല. സ്‍പാനിഷ് ലീഗ് ക്ലബ്ബ് ബാഴ്‍സലോണയുടെ കുന്തമുനകളാണ് ഇവര്‍. ബാഴ്‍സയുടെ മത്സരമുള്ള ദിവസം അര്‍ധരാത്രിയിലും ഉറങ്ങാതെ ടിവിക്ക് മുമ്പില്‍ കാത്തിരിക്കുന്ന ആരാധകര്‍ക്കുള്ള ഒരു സന്തോഷ വാര്‍ത്തയാണിത്. വേറൊന്നുമല്ല, ബാഴ്‍സ ഇന്ത്യന്‍ മണ്ണില്‍ കളിക്കാനിറങ്ങുന്നു. ക്ലബ്ബ്‌ പ്രസിഡന്റ് ജോസഫ്‌ ബർത്തൊമൊയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ഇതിനു മുമ്പും വിദേശ ക്ലബ്ബുകള്‍ ഇന്ത്യയില്‍ ബൂട്ടുകെട്ടിയിട്ടുണ്ടെങ്കിലും അത്ര വലിയ ആവേശമൊന്നും ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ബാഴ്‍സയുടെ വരവ് ഇന്ത്യന്‍ ഫുട്ബോള്‍ ലോകത്ത് ആരാധകരുടെ സുനാമി സൃഷ്ടിക്കുമെന്ന് ഉറപ്പ്. തങ്ങളുടെ ഒന്നാംനിര ടീമുമായി ഇന്ത്യയിലെത്തുക എന്നത് ബാഴ്‍സയുടെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണ്. ഉടന്‍ എത്തുക എളുപ്പമല്ല. ഈ സീസൺ വളരെ വൈകിയാണ്‌ അവസാനിക്കുക. പുതിയ സീസൺ നേരത്തെ തുടങ്ങുകയും ചെയ്യും. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ബാഴ്‍സക്ക് ഇന്ത്യയിൽ കളിക്കാന്‍ കഴിയും- ബർത്തൊമൊ പറഞ്ഞു. ഭാവിയില്‍ ഇന്ത്യയില്‍ നിന്നു താരങ്ങളെ ബാഴ്‍സയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫുട്ബോള്‍ അക്കാദമികള്‍ തുടങ്ങാനും പദ്ധതിയുണ്ട്. ഇതിനായി ഫുട്ബോളിന് ഏറ്റവും വേരോട്ടമുള്ള കൊല്‍ക്കത്തയോ കൊച്ചിയൊ ആയിരിക്കും ബാഴ്‍സ തെരഞ്ഞെടുക്കുക. ഇതിനിടെ പോര്‍ച്ചുഗല്‍ ടീമുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News