ഇന്ത്യയുടെ ഡിവില്ലിയേഴ്സാകുമോ രോഹിത്?
ഫീല്‍ഡിലെ ചോരുന്ന കൈകളെന്ന പതിവ് പല്ലവിയുടെ തനിയാവര്‍ത്തനവും ഇന്ത്യയെ തെല്ലൊന്നുമല്ല തളര്‍ത്തിയത്. ബാറ്റ്സ്മാന്‍മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ പിച്ചില്‍
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമ്മിശ്രമായിരുന്നു. ന്യൂലാന്‍ഡില്‍ ആതിഥേയരെ ഒന്നാം ഇന്നിങ്സില്‍ ആദ്യ ദിനം തന്നെ കൂടാരം കയറ്റിയ ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് ടീമിനെ പ്രതിസന്ധിയിലേക്ക് തള്ളി. ഫീല്‍ഡിലെ ചോരുന്ന കൈകളെന്ന പതിവ് പല്ലവിയുടെ തനിയാവര്‍ത്തവും ഇന്ത്യയെ തെല്ലൊന്നുമല്ല തളര്‍ത്തിയത്. ബാറ്റ്സ്മാന്‍മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ പിച്ചില്‍ ദക്ഷിണാഫ്രിക്കയുടെ അവസാന നാല് ബാറ്റ്സ്മാന്‍മാര്‍ അടിച്ചെടുത്തത് 84 റണ്‍സാണ്. അക്കൌണ്ട് തുറക്കുന്നതിന് മുമ്പ് മൂന്നാം സ്ലിപ്പില്‍ ശിഖര്‍ ധവാന്‍ കൈവിട്ട കേശവ് മഹാരാജ് 35 റണ്‍സ് സ്വന്തം പേരില്‍ പിന്നീട് തുന്നിച്ചേര്‍ത്തെന്നത് ഇന്ത്യയുടെ സങ്കടങ്ങളില്‍ ഒന്ന് മാത്രമാണ്.
മൂന്നിന് 12 എന്ന പരിതാപകരമായ അവസ്ഥയിലേക്ക് ഒരു ഘട്ടത്തില്‍ കൂപ്പുകുത്തിയ ദക്ഷിണാഫ്രിക്കക്ക് മൃതസഞ്ജീവനിയായത് എബി ഡിവില്ലിയേഴ്സ് എന്ന ക്രീസിലെ മിന്നല്‍പ്പിണറാണ്. ടീമിനെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമല്ലാത്ത അവസ്ഥയായിട്ടു പോലും പതിവ് വെടിക്കെട്ട് ശൈലി ഉപേക്ഷിക്കാന്‍ എബിഡി തയ്യാറായില്ല. ആ കടന്നാക്രമണമാണ് ഇന്ത്യയുടെ ഭദ്രമായ ബൌളിംഗില്‍ വിള്ളല്‍ വീഴ്ത്തിയത്. മൂന്ന് വിക്കറ്റുകളുമായി നിറഞ്ഞാടിയ ഭുവനേശ്വര്‍ കുമാറിന്‍റെ ഒരോവറില്‍ 17 റണ്‍ കവര്‍ന്ന ഡിവില്ലിയേഴ്സ് ഏല്‍പ്പിച്ച ക്ഷതത്തില്‍ നിന്നും ടീം ഇന്ത്യ കരകയറുമ്പോഴേക്കും നായകന്‍ ഡുപ്ലേസിയുമൊത്ത് താരം 100 റണ്‍ കവര്‍ന്നെടുത്തിരുന്നു. തകര്‍ച്ചയുടെ ആഴക്കയത്തില്‍ നിന്നും സുരക്ഷിത തീരത്തേക്ക് ഇതിനോടകം ദക്ഷിണാഫ്രിക്ക പറന്നകന്നിരുന്നു. ഓവറില്‍ നാല് റണ്‍ എന്ന റണ്‍റേറ്റിലുള്ള ആ പ്രയാണം പരീക്ഷണങ്ങളിലേക്കും വീഴ്ചകളിലേക്കും ഇന്ത്യന്‍ ബൌളര്‍മാരെ നയിച്ചെന്ന് നിസംശയം പറയാം. ആ മണിക്കൂറുകളിലാണ് ഇന്ത്യയെ മത്സരത്തില്‍ നിന്നും അകറ്റിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ സ്വയം കുഴിതോണ്ടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെയാണ് കണ്ടത്. നായകന്‍ വിരാട് കൊഹ്‍ലി ഉള്‍പ്പെടെ മൂന്ന് താരങ്ങളാണ് ആത്മാഹുതി നടത്തി തിരികെ കൂടാരം കയറിയത്. ദക്ഷിണാഫ്രിക്കന്‍ ബൌളര്‍മാരുടെ വീര്യം ഒട്ടും കുറവായിരുന്നില്ലെങ്കിലും ഇതിലുപരി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ അലക്ഷ്യ ഭാവമാണ് മൂന്നിന് 28 എന്ന നിലയിലേക്ക് ഇന്ത്യയെ തള്ളിവിട്ടത്. ഉപനായകന്‍ അജിങ്ക്യ രഹാനെയെ തഴഞ്ഞ് പകരം രോഹിത് ശര്‍മക്ക് ഇടം നല്‍കിയ ഇന്ത്യയുടെ ഇനിയുള്ള പ്രതീക്ഷ തങ്ങളുടെ എബിഡിയായി രോഹിത് മാറുമെന്നാണ്. ഡിവില്ലിയേഴ്സിനെ പോലെ തന്നെ ഏത് ബൌളിംഗിനെയും പിച്ചിചീന്താന്‍ കെല്‍പ്പുള്ള അമരക്കാരനാണ് രോഹിത്. അലസതയുടെ ആള്‍രൂപമായ താരം ഉഗ്രതാളത്തിലേക്ക് കൊട്ടിക്കയറിയാല്‍ പിന്നെ പിടിച്ചുകെട്ടുക ആയാസകരമല്ല. ടീമിനെ കരകയറ്റാന്‍ ഇതിലും നല്ലൊരു അവസരം ഇനി ഒരുപക്ഷേ വിരളമാകും.