ഓസീസ് പേസ് ബൗളര്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം
ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഡീന്‍ എല്‍ഗാര്‍ പന്ത് ബൗളറായ കുമ്മിന്‍സിന് നേരെ പ്രതിരോധിച്ചു. പന്തില്‍ കുമ്മിന്‍സ് ചവിട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്...
ആസ്‌ട്രേലിയന്‍ ടീമിനെതിരെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം വീണ്ടും. ഓസീസ് പേസ് ബൗളര്‍ പാറ്റ് കുമ്മിന്‍സ് ബൂട്ടുപയോഗിച്ച് പന്ത് ചവിട്ടിയെന്ന ആരോപണമാണ് ഉയരുന്നത്. പന്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം ഉയര്‍ന്ന് വിവാദമായ ആസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ സംഭവമാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത്.
മൂന്നാം ടെസ്റ്റിന്റെ അമ്പത്തിമൂന്നാം ഓവറിനിടെയായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഡീന്‍ എല്‍ഗാര്‍ പന്ത് ബൗളറായ കുമ്മിന്‍സിന് നേരെ പ്രതിരോധിച്ചു. പന്തില്‍ കുമ്മിന്‍സ് ചവിട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആദ്യം ആരും ഇത് ഗൗരവത്തിലെടുത്തില്ലെങ്കിലും പ്രോട്ടീസ് മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിന്റെ കമന്ററിയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അവിചാരിതമെങ്കിലും പ്രത്യേക ഉദ്ദേശത്തോടെയെന്നായിരുന്നു സംഭവത്തെ സ്മിത്ത് വിശേഷിപ്പിച്ചത്.
സംഭവം വിവാദമായതോടെ ഫീല്‍ഡ് അമ്പയര്‍മാരായ റിച്ചാര്‍ഡ് ഇല്ലിംങ്‌വര്‍ത്തും നൈജല്‍ ലോങും പന്ത് പരിശോധിച്ചു. കുഴപ്പമില്ലെന്ന് കണ്ടതോടെയാണ് കളി തുടരാന്‍ അനുവദിച്ചത്. ആദ്യദിനത്തിലെ കളി കഴിഞ്ഞ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇത് സംബന്ധിച്ച ചോദ്യങ്ങളുയര്‍ന്നു.
അറിയാതെ സംഭവിച്ചതാണെന്നാണ് കുമ്മിന്‍സിന്റെ വിശദീകരണം. 'അത് അറിയാതെ സംഭവിച്ചതാണ്. പന്തില്‍ ചവിട്ടിയ ഉടന്‍ തന്നെ അമ്പയറെ ഞാന്‍ നോക്കി. അപ്പോള്‍ അദ്ദേഹം ചിരിക്കുകയായിരുന്നു' കുമ്മിന്‍സ് വിശദീകരിക്കുന്നു. ഈ സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ആസ്‌ട്രേലിയന്‍ ഓപണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റിനെ പന്തില്‍ കൃത്രിമം കാണിച്ചതിന് ക്യാമറ കയ്യോടെ പിടിക്കുന്നത്.
തുടര്‍ന്നു നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കുറ്റം ഏറ്റതോടെ ബോള്‍ ടാംപറിംങ് വിവാദം ആളിക്കത്തി. ക്രിക്കറ്റ് ആസ്‌ട്രേലിയയും കയ്യൊഴിഞ്ഞതോടെ സ്മിത്തിനും ബാന്‍ക്രോഫ്റ്റിനും വാര്‍ണര്‍ക്കും വിലക്ക് നേരിടേണ്ടി വന്നു. ആസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ ആകെ ഉലച്ചുകളഞ്ഞ വിവാദമായി പന്തില്‍ കൃത്രിമം കാണിച്ചത് മാറി. ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും സ്മിത്തിനും വാര്‍ണര്‍ക്കും ഓരോ വര്‍ഷവും ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസവും വിലക്ക് ലഭിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തേക്ക് വാര്‍ണറേയും സ്മിത്തിനേയും ക്യാപ്റ്റന്‍സ്ഥാനത്തു നിന്നും ക്രിക്കറ്റ് ആസ്‌ട്രേലിയ വിലക്കിയിട്ടുണ്ട്.