കടല്‍ നീന്തി കടന്ന് റിയോ ഒളിമ്പിക്സിനെത്തുന്ന സിറിയന്‍ താരം
സിറിയയിലെ ആഭ്യന്തര യുദ്ധത്തിനിടെ ജീവന്‍ രക്ഷിക്കാന്‍ ഈജിയന്‍ കടല്‍ നീന്തികടന്ന് ജര്‍മ്മനിയിലെത്തിയ യുസ്ര അഭയാര്‍ത്ഥി ടീമിലാണ് മത്സരിക്കുന്നത്. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലിലാണ് യുസ്ര പങ്കെടുക്കുക.
കടല്‍ നീന്തികടന്ന് റിയോ ഒളിമ്പിക്സിലേക്കെത്തിയ ഒരു സിറിയന്‍ താരമുണ്ട്. യുസ്ര മര്‍ദ്ദിനി. സിറിയയിലെ ആഭ്യന്തര യുദ്ധത്തിനിടെ ജീവന്‍ രക്ഷിക്കാന്‍ ഈജിയന്‍ കടല്‍ നീന്തികടന്ന് ജര്‍മ്മനിയിലെത്തിയ യുസ്ര അഭയാര്‍ത്ഥി ടീമിലാണ് മത്സരിക്കുന്നത്. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലിലാണ് യുസ്ര പങ്കെടുക്കുക.
യുസ്ര എന്ന 17 കാരിയുടെ സ്വപ്നമായിരുന്നു ഒളിമ്പിക്സ്. പക്ഷേ സിറിയന്‍ ആഭ്യന്തരയുദ്ധം അവളുടെ പ്രതീക്ഷകള്‍ തകര്‍ത്തു. അന്ന് ഈജിയന്‍ കടലിലൂടെ യുസ്ര ജീവിതം നീന്തികടന്നു. സിറിയയില്‍ നിന്ന് പലായനം ചെയ്യുന്നതിനിടയില്‍ പാതി വഴിയില്‍ ബോട്ട് തകരാറിലായപ്പോള്‍ സഹോദരിയെയും കൂട്ടി കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു യുസ്ര. എല്ലാം നഷ്ടപ്പെട്ടിടത്തുനിന്നും നീന്തി കരപറ്റി.
പിന്നീടെത്തിയത് ജര്‍മ്മനിയില്‍. അവിടെ അവള്‍ നീന്തല്‍ കുളത്തില്‍ വീണ്ടും സ്വപ്നങ്ങള്‍ കണ്ടു. സ്വപ്നങ്ങളിലേക്കുളള യാത്ര തുടര്‍ന്നു. റിയോയിലെ ഓളപരപ്പില്‍ നീന്താനിറങ്ങുമ്പോള്‍ അവള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ഒളിമ്പിക് പതാകക്ക് കീഴില്‍ യുസ്ര മത്സരിക്കാനിറങ്ങുമ്പോള്‍ കണ്‍മുന്നില്‍ മെഡിറ്റേറിയന്‍ കടല്‍തീരത്ത് മരിച്ചു കിടന്ന ഐലന്‍ കുര്‍ദ്ദിയുടെ ചിത്രമായിരിക്കും.ആ മൂന്ന് വയസ്സുകാരനും സിറിയയിലെ അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയായിരിക്കും യുസ്ര ഇറങ്ങുക.