ദിപ പരീക്ഷിക്കുമോ ആ 'മരണത്തിന്റെ ചാട്ടം'
ചാട്ടം ഒന്നു പിഴച്ചാല്‍ പുറം കുത്തിയോ കഴുത്ത് കുത്തിയോ വീണ് സാരമായി പരിക്കേല്‍ക്കുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യാം. ജീവനും മരണത്തിനുമിടയ്ക്കുള്ള ചൂതുകളിക്കു നില്‍ക്കരുതെന്ന് പറഞ്ഞ് അമേരിക്ക തങ്ങളുടെ താരങ്ങള്‍ക്ക് പ്രൊഡുനോവ പരീക്ഷിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്...
ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി ജിംനാസ്റ്റിക്‌സില്‍ ഫൈനലിലെത്തുന്ന ഇന്ത്യക്കാരിയെന്ന അപൂര്‍വ്വ ബഹുമതിയോടെയാണ് ദിപ കര്‍മ്മാക്കര്‍ ഇന്ന് രാത്രി അന്തിമ പോരാട്ടത്തിനിറങ്ങുക. ലോകത്ത് ഇതുവരെ അഞ്ചു പേര്‍ മാത്രം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ള പ്രൊഡുനോവ വോള്‍ട്ട് തന്നെയാണ് ദിപയുടെ പ്രധാന ആയുധം. മരണത്തിന്റെ ചാട്ടം എന്ന വിശേഷണമുള്ള പ്രൊഡുനോവ വോള്‍ട്ട് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ദിപക്ക് മെഡല്‍ സ്വന്തമാക്കാനാകുമെന്ന് തന്നെയാണ് കരുതുന്നത്.
എന്താണ് പ്രൊഡുനോവ വോള്‍ട്ട്?
ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലെ ഒരു ചാട്ടമാണ് പ്രൊഡുനോവ വോള്‍ട്ട്. ഓടിവന്ന് കയ്യില്‍ കുത്തിയുയര്‍ന്ന് കൈകള്‍ കാല്‍മുട്ടില്‍ പിടിച്ച് വായുവില്‍ രണ്ട് തവണ മുന്നോട്ട് കരണം മറിയുന്നതാണ് ലളിതമായി പറഞ്ഞാല്‍ പ്രൊഡുനോവ. എന്നാല്‍ പറയും പോലെ അത്രഎളുപ്പമല്ലെന്ന് മാത്രമല്ല അത്യന്തം അപകടകരവും കൂടിയാണ് പ്രൊഡുനോവ വോള്‍ട്ട്. ചാട്ടം ഒന്നു പിഴച്ചാല്‍ പുറം കുത്തിയോ കഴുത്ത് കുത്തിയോ വീണ് സാരമായി പരിക്കേല്‍ക്കുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യാം.
ഈ അപകട സാധ്യതയാണ് പ്രൊഡുനോവ വോള്‍ട്ട് പരീക്ഷിക്കുന്നതില്‍ നിന്നും താരങ്ങളെ പിന്നോട്ട് വലിക്കുന്നത്. അമേരിക്ക ഔദ്യോഗികമായി തന്നെ പ്രൊഡുനോവ വോള്‍ട്ട് പരീക്ഷിക്കുന്നതില്‍ നിന്നും തങ്ങളുടെ താരങ്ങളെ വിലക്കിയിട്ടുണ്ട്. ജീവനും മരണത്തിനുമിടയ്ക്കുള്ള ചൂതുകളിക്കു നില്‍ക്കരുത് എന്ന കാരണം പറഞ്ഞാണ് അമേരിക്ക താരങ്ങളെ വിലക്കിയിട്ടുള്ളത്. ഇത്തരം അതീവ അപകടരമായ ചാട്ടങ്ങള്‍ ജിംനാസ്റ്റിക്‌സില്‍ നിരോധിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
പിഴക്കാതെ പൂര്‍ത്തിയാക്കാനായാല്‍ മത്സരം സ്വന്തമാക്കുന്നതിന് തുല്യമാകും എന്നതാണ് പ്രൊഡുനോവ പരീക്ഷിക്കാന്‍ ദിപ കര്‍മ്മാക്കര്‍ അടക്കമുള്ള താരങ്ങളെ പ്രേരിപ്പിക്കുന്നത്. ദിപക്ക് പുറമേ വോള്‍ട്ട് ഫൈനലില്‍ മത്സരിക്കുന്ന ഏഴ് ഒളിംപിക്‌സുകളുടെ പരിചയസമ്പത്തുള്ള ചുസോവെറ്റിനയും പ്രൊഡുനോവ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചുസോവെറ്റിനയെ കൂടാതെ നിലവില്‍ ലോകത്തില്‍ ഏറ്റവും മികച്ച ജിംനാസ്റ്റിക്‌സ് താരമെന്ന് കരുതുന്ന സിമോണ്‍ ബില്‍സ്, ലണ്ടനിലെ വെങ്കല മെഡല്‍ ജേതാവ് മരിയ പസേക്ക, ബെയ്ജിങില്‍ സ്വര്‍ണം നേടിയ ജോങ് ഉന്‍ ഹോങ് തുടങ്ങി പ്രഗല്‍ഭരോടാണ് ദിപക്ക് മത്സരിക്കേണ്ടത്. അതുകൊണ്ടുതന്നെ ഒരിക്കല്‍ കൂടി പ്രൊഡുനോവ ചാട്ടം പരീക്ഷിക്കാനായിരിക്കും ദിപയുടെ ശ്രമം.
ആരാണ് പ്രൊഡുനോവ?
ആദ്യമായി ഈ ചാട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ റഷ്യന്‍ ജിംനാസ്റ്റിക് താരമായ യെലേന പ്രൊഡുനോവയോടുള്ള ആദരസൂചകമായിട്ടാണ് ചാട്ടത്തിന് ഈ പേര് നല്‍കിയത്. 1999ലായിരുന്നു എലേന എന്നും വിളിപ്പേരുള്ള പ്രൊഡുനോവ ഈ ചാട്ടം പൂര്‍ത്തിയാക്കിയത്. കരിയറില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാനായെങ്കിലും പ്രൊഡുനോവക്ക് ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടാനായില്ല. വെള്ളിയും വെങ്കലവുമായിരുന്നു പ്രൊഡുനോവയുടെ ഒളിംപിക്‌സ് മെഡലുകള്‍. 1995 മുതല്‍ 20000 വരെയായിരുന്നു പ്രൊഡുനോവയുടെ ജിംനാസ്റ്റിക്‌സ് കരിയര്‍.
പ്രൊഡുനോവക്ക് മുമ്പ് വടക്കന്‍ കൊറിയയുടെ കൗമാരതാരമായിരുന്ന ചോ ജോങ് സില്‍ ഇതേ ചാട്ടം ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. 1980ലെ ഒളിംപിക്‌സിലായിരുന്നു ഇത്. അന്ന് ചോ പുറം ഇടിച്ചാണ് വീണത്. പിന്നീട് മറ്റൊരു റഷ്യന്‍ ജിംനാസ്റ്റായ യെകതെരേന സ്വെറ്റോവയും പ്രൊഡുനോവ ചാട്ടത്തിന് ശ്രമിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. സ്വെറ്റോവയും പുറം ഇടിച്ചാണ് വീണത്. 2012ലെ വൊറോനിന്‍ കപ്പിലായിരുന്നു സ്വെറ്റോവയുടെ പ്രകടനം.
പ്രൊഡുനോവ ചാട്ടം പരീക്ഷിക്കുന്നവര്‍ വളരെ കുറവാണെങ്കിലും പരാജയപ്പെട്ടവരേക്കാള്‍ കൂടുതല്‍ വിജയിച്ചവര്‍ തന്നെയാണെന്നത് ആശ്വാസകരമാണ്. ഡോമനിക്കന്‍ റിപ്പബ്ലിക്കിന്റെ യാമിലെറ്റ് പെനാ, ഉസ്ബക്കിസ്താന്റെ ചുസോവിറ്റിന, ഈജിപ്തിന്റെ ഫദ്വാ മെഹ്മൂദ്, ഇന്ത്യയുടെ ദിപ കര്‍മ്മാക്കര്‍ എന്നിവരാണ് പ്രൊഡുനോവയുടെ വിജയതീരത്തെത്തിയവര്‍.
ഈജിപ്തിലെ ജിംനാസ്റ്റിക് താരോദയം പ്രൊഡുനോവ പരീക്ഷിച്ച് അതീവഗുരുതരാവസ്ഥയിലായതോടെയാണ് അടുത്തകാലത്ത് ഈ ചാട്ടം വിവാദമായത്. 2013ല്‍ ലോക ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു വിവാദ സംഭവം. ഈജിപ്തിനെ പ്രതിനിധീകരിച്ച് ലോക ചാമ്പ്യന്‍ഷിപ്പിനെത്തിയ താരമാണ് പ്രൊഡുനോവക്കിടെ മരണത്തെ മുഖാമുഖം കണ്ടത്.
പ്രൊഡുനോവ പരീക്ഷിക്കാന്‍ സാധ്യതയുള്ളവര്‍
റിയോ ഒളിംപിക്‌സില്‍ പ്രൊഡുനോവ പരീക്ഷിക്കാന്‍ സാധ്യതയുള്ള രണ്ട് താരങ്ങളാണുള്ളത്. പ്രൊഡനോവ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസമുള്ള ദിപ കര്‍മ്മാക്കറും ഉസ്‌ബെക്കിസ്ഥാന്റെ ഒക്‌സാന ചുസോവിറ്റിനയുമാണ് ആ രണ്ട് താരങ്ങള്‍. പൊതുവെ കൗമാരക്കാരുടെ മത്സരമെന്ന് കരുതപ്പെടുന്ന ജിംനാസ്റ്റിക്‌സില്‍ 41ആം വയസിന്റെ ചെറുപ്പവുമായാണ് ചുസോവിറ്റിന ഇറങ്ങുന്നത്. സോവിയറ്റ് യൂണിയന് വേണ്ടി മത്സരിച്ച പാരമ്പര്യമുള്ള താരമാണ് ചുസോവിറ്റിന. ഏഴാം ഒളിംപിക്‌സിനിറങ്ങുമ്പോള്‍ ചെറുപ്പത്തേതിനേക്കാള്‍ ആത്മവിശ്വാസമുണ്ടെന്നാണ് ചുസോവിറ്റിന പറഞ്ഞത്.
ഇന്ത്യന്‍ 'പ്രൊഡുനോവ'
ജിംനാസ്റ്റിക് താരങ്ങള്‍ക്ക് യോജിച്ചതല്ലാത്ത പരന്ന പാദങ്ങളുള്ള താരമാണ് ദിപിക കര്‍മ്മാക്കര്‍. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്നുമാണ് ദിപയുടെ വരവ്. ത്രിപുരയിലെ പൊട്ടിപ്പൊളിഞ്ഞ ജിംനാസ്റ്റിക് പരിശീലനകേന്ദ്രത്തില്‍ നിന്നും റിയോ ഒളിംപിക്‌സിന്റെ ഫൈനല്‍ വേദിയിലെത്തി നില്‍ക്കുന്ന ദിപയുടെ പ്രയാണം. കരിയറിലെ ഏറ്റവും ഔന്നത്യത്തില്‍ നില്‍ക്കുന്ന ദിപ കര്‍മ്മാക്കര്‍ മെഡല്‍ ഉറപ്പിക്കാനായി പ്രൊഡൊനോവ് വോള്‍ട്ട് പ്രയോഗിക്കാനുള്ള സാധ്യത ഏറെയാണ്.
ദിപയുടെ പരിശീലകന്‍ ബിശ്വേശ്വര്‍ നന്ദിയും ഇത് തന്നെയാണ് പറയുന്നത്'ജിംനാസ്റ്റിക്‌സില്‍ നമ്മള്‍ തീരെ ശക്തിയില്ലാത്ത രാജ്യമാണ്. എന്തെങ്കിലും നേട്ടം സ്വന്തമാക്കണമെങ്കില്‍ ഇത്തരം അപകടകരമായ വെല്ലുവിളികള്‍ സ്വീകരിച്ചേ മതിയാകൂ. ഒളിംപിക്‌സ് ഫൈനല്‍ പോലുള്ള വലിയ വേദിയില്‍ പ്രൊഡുനോവ വലിയ തോതില്‍ പോയിന്റ് നേടാന്‍ സഹായിക്കും. ജിംനാസ്റ്റിക്്‌സ് പൊതുവേ അപകടം നിറഞ്ഞതാണ്. ബാറുകള്‍ക്ക് മുകളില്‍ നിന്നും റിങുകളില്‍ നിന്നും ജിംനാസ്റ്റിക് താരങ്ങള്‍ വീണ് ജീവന്‍ നഷ്ടമാകുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതുകൊണ്ട് പ്രൊഡുനോവക്ക് പ്രത്യേകം എന്തെങ്കിലും കൂടുതല്‍ അപകടസാധ്യതയുണ്ടെന്ന് കരുതുന്നില്ല'
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നടത്തിയ കഠിനമായ പരിശീലനം പ്രൊഡുനോവ ചാട്ടത്തിന് തന്നെ പ്രാപ്തയാക്കുന്നുവെന്ന് തന്നെയാണ് ദിപ കര്‍മ്മാക്കര്‍ കരുതുന്നത്. പ്രൊഡുനോവയുടെ അപകട സാധ്യതയെക്കുറിച്ച് ദിപക്ക് അറിവുണ്ട് 'പ്രൊഡുനോവ ചാട്ടം പിഴച്ച് കഴുത്ത് കുത്തി വീണാല്‍ മരണം ഉറപ്പാണ്. അതിലെ അപകടം എനിക്കറിയാം. പക്ഷേ എന്തെങ്കിലും അപൂര്‍വ്വമായത് നേടണമെങ്കില്‍ ഇത്തരം വെല്ലുവിളികളെ നേരിട്ടേ പറ്റൂ' എന്ന് ദിപ പറയുമ്പോള്‍ വാക്കുകളില്‍ നിറയുന്നത് ആത്മവിശ്വാസം മാത്രം. ചരിത്രത്തിലാദ്യമായി ജിംനാസ്റ്റിക്‌സിന് യോഗ്യത നേടുകയും ഫൈനലിലെത്തുകയും വഴി ദിപ കര്‍മ്മാക്കര്‍ ചരിത്രം രചിച്ചു കഴിഞ്ഞു. ഇനി പ്രൊഡുനോവ ചാട്ടം ഒരു മെഡല്‍ കൂടി ഇന്ത്യക്ക് നേടിത്തരുമോ എന്ന് കാത്തിരുന്ന് കാണാം.