സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി ഇന്ത്യ റിയോയില്‍ നിന്ന് മടങ്ങുന്നു

Update: 2018-05-13 03:31 GMT
സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി ഇന്ത്യ റിയോയില്‍ നിന്ന് മടങ്ങുന്നു
Advertising

ഇന്ത്യ റിയോ ഒളിംപിക്സിനിറങ്ങിയത് ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി. ആത്മവിശ്വാസം ആവശ്യത്തിലധികം. ഇതെല്ലാം തകരാന്‍ രണ്ട് ദിവസമേ എടുത്തുളളൂ.

സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് റിയോ ഒളിംപിക്സില്‍ ഇന്ത്യയുടേത്. രണ്ട് മെഡലുകള്‍ മാത്രമാണ് ലഭിച്ചത്.പ്രമുഖ താരങ്ങള്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല

ഇന്ത്യ റിയോ ഒളിംപിക്സിനിറങ്ങിയത് ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി. ആത്മവിശ്വാസം ആവശ്യത്തിലധികം. ഇതെല്ലാം തകരാന്‍ രണ്ട് ദിവസമേ എടുത്തുളളൂ. ഷൂട്ടിംഗിലായിരുന്നു തുടക്കം. മുന്‍ സ്വര്‍ണ്ണനേട്ടക്കാരനും, വെങ്കലനേട്ടക്കാരനും പ്രതീക്ഷയുളള താരവുമെല്ലാം പുറത്തായി. പുറത്താകലിന്‍റെയും നിരാശയുടെയും ദിനങ്ങള്‍. മഴകാത്ത് നിന്ന വേഴാന്പലിനെ പോലെ മെഡല്‍ പ്രതീക്ഷിച്ച ഇന്ത്യക്ക് മുന്നില്‍ രണ്ട് പെണ്‍ നക്ഷത്രങ്ങളുടെ ഉദയം.

സാക്ഷി മലിക്. 12 ദിവസത്തിന് ശേഷം ഇന്ത്യയുടെ മെഡല്‍ പട്ടിക തെളിഞ്ഞത് ഈ ഹരിയാനക്കാരിയിലൂടെ. ഗുസ്തിയില്‍ ഇന്ത്യയ്ക്കായി റെപ്പിഷാഗെ റൌണ്ടിലാണ് സാക്ഷി വെങ്കലം നേടിയത്. സാക്ഷിയുടെ നേട്ടം രാജ്യത്തിന് സ്വര്‍ണ്ണ മെഡലിനെക്കാള്‍ തിളക്കമുളളതായി.

അടുത്ത ഊഴം ഹൈദരാബാദുകാരി പി വി സിന്ധുവിന്‍റെതായിരുന്നു. ഫൈനലിലെത്തിയ ആദ്യ ബാഡ്മിന്‍റണ്‍ താരം. 125 കോടി ജനതയുടെ പ്രതീക്ഷയുമായി സിന്ധു ഫൈനലില്‍. അവിടെ ലോക ഒന്നാം നമ്പര്‍ താരത്തോട് പൊരുതി തോററു. സ്വര്‍ണ്ണത്തെക്കാള്‍ തിളക്കമുളള വെള്ളിനക്ഷത്രമായി രാജ്യത്തിന് മുന്നില്‍ സിന്ധു.

ഈ രണ്ട് വനിതാതാരങ്ങള്‍ നേടിതന്ന മെഡലിനപ്പുറം പറയത്തക്ക പ്രകടനമുണ്ടായതും വനിതകളില്‍ നിന്നു തന്നെ. ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്സില്‍ നേടിയ നാലാം സ്ഥാനം. 0.57പോയിന്‍റിന്‍റെ വ്യത്യാസത്തിലായിരുന്നു ദീപയുടെ മെഡല്‍ നഷ്ടം. 32 വര്‍ഷത്തിന് ശേഷം അത്‌ലറ്റിക്സ് ഫൈനലിലെത്തിയ ലളിത ബാബറും, ഗോള്‍ഫില്‍ അവസാറൌണ്ടിലെത്തിയ അതിഥി അശോകും മികച്ച പ്രകടനമാണ് നടത്തിയത്.ടെന്നീസില്‍ സാനിയ മിര്‍സ- രോഹന്‍ബൊപ്പണ്ണ സഖ്യത്തിന്‍റെയും ബാഡ്മിന്‍റണില്‍ കെ ശ്രീകാന്തിന്‍റെയും, തുഴച്ചിലില്‍ ദത്തു ബാബന്‍ ഭൊക്കാനക്കലിന്‍റയും പ്രകടനം എടുത്ത് പറയേണ്ടതാണ്.

Tags:    

Similar News